ലോകമെമ്പാടുമുള്ള ഗവേഷകർ കൊറോണ വൈറസിന് വാക്സിൻ കണ്ടെത്തുന്നതിനായുള്ള പോരാട്ടത്തിലാണ്. പകർച്ചവ്യാധികൾ തടയുന്നതിനുള്ള ഏറ്റവും ചെലവു കുറഞ്ഞ മാർഗമാണ് വാക്സിനേഷൻ എന്നതിനാൽ, ആഗോളതലത്തിൽ വാക്സിനുകളുടെ ലഭ്യത ഉറപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ആഗോളതലത്തിൽ പരീക്ഷിക്കുന്ന കൊവിഡ് വാക്സിനുകൾ:
- ബിഎൻടി162ബി2 എംആർഎൻഎ
ന്യൂയോർക്ക് ആസ്ഥാനമായുള്ള ഫൈസറും ജർമൻ കമ്പനിയായ ബയോ ടെക്കും മൂന്നാം ഘട്ട ട്രയൽ പരീക്ഷണം നടത്തുന്ന ഈ വാക്സിൻ 95 ശതമാനത്തിലധികം ഫലപ്രദമാണ്.
- എംആർഎൻഎ
94.5 ശതമാനം ഫലപ്രദമായ ഈ വാക്സിൻ മോഡേർണ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്‍റെ പങ്കാളിത്തത്തോടെയാണ് വികസിപ്പിച്ചത്. ഇതിന് 25 മുതൽ 37 ഡോളർ വരെ ചെലവാകും.
- കൊവി ഷീൽഡ്
ബ്രിട്ടീഷ്-സ്വീഡിഷ് കമ്പനിയായ അസ്ട്രസെനെക്കയും ഓക്സ്ഫോർഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ചത്. യുകെയിലും ഇന്ത്യയിലുമായി വാക്സിൻ പരീക്ഷണങ്ങൾ പുരോഗമിക്കുന്നു.
- എഡി26
ബോസ്റ്റണിലെ ബെത്ത് ഇസ്രായേൽ ഡീകോണസ് മെഡിക്കൽ സെന്റർ വികസിപ്പിച്ച കൊവിഡ് വാക്സിനാണ് അഡെനോവൈറസ് 26. എഡി26 ഉപയോഗിച്ച് ജോൺസൺ ആൻഡ് ജോൺസൺ കമ്പനി എബോളയ്ക്കും മറ്റ് രോഗങ്ങൾക്കും വാക്സിനുകൾ വികസിപ്പിച്ചെടുത്തിരുന്നു. വൈറസ് മൂന്നാം ഘട്ട പരീക്ഷണത്തിലാണ്.
- സ്പുട്നിക് വി
ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റഷ്യ നിർമിച്ച വാക്സിൻ. മൂന്നാം ഘട്ട പരീക്ഷണത്തിൽ 95 ശതമാനം ഫലപ്രദമാണ്.
- കൊറോണവാക്
ചൈനീസ് സ്വകാര്യ കമ്പനിയായ സിനോവാക് ബയോടെക് ആണ് കൊറോണവാക് വികസിപ്പിച്ചത്. ജൂലൈയിൽ, വാക്സിന്‍റെ മൂന്നാം ഘട്ട ട്രയൽ ബ്രസീലിൽ ആരംഭിച്ചു. മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ പരീക്ഷിച്ച അഞ്ച് വാക്‌സിനുകളിൽ ഏറ്റവും സുരക്ഷിതമാണിതെന്ന് ബ്രസീലിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഒക്ടോബർ 19ന് സിനോവാക് അവസാനഘട്ട ട്രയൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
- കോവാക്സിൻ
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി സഹകരിച്ച് ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക് വികസിപ്പിച്ച വാക്സിനാണിത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് വാക്സിൻ കാൻഡിഡേറ്റ് കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നവംബർ 26ന് എയിംസിൽ ആരംഭിച്ചു.
- എഡി5
ചൈനീസ് കമ്പനിയായ കാൻസിനോ ബയോളജിക്സ് അക്കാദമി ഓഫ് മിലിട്ടറി മെഡിക്കൽ സയൻസസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയുമായി സഹകരിച്ച് അഡെനോവൈറസിനെ അടിസ്ഥാനമാക്കി വികസിപ്പിച്ച വാക്സിൻ. സൗദി അറേബ്യ, പാകിസ്ഥാൻ, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങളിൽ മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടക്കുന്നു.
- നിക്കോടിയാന ബെന്താമിയാന
കാനഡ ആസ്ഥാനമായുള്ള മെഡിഗാഗോ സിഗരറ്റ് നിർമാതാക്കളായ ഫിലിപ്പ് മോറിസിന്റെ ധനസഹായത്തോടെ വികസിപ്പിച്ച വാക്സിൻ. വാക്സിനേഷന്‍റെ രണ്ടാം ഘട്ട പരീക്ഷണം നവംബർ 12ന് ആരംഭിച്ചു.