ചെന്നൈ: ഇന്ത്യൻ റെയിൽവേയുടെ വെബ്സൈറ്റിലെ തകരാർ കണ്ടെത്തിയ 17കാരനായ തമിഴ്‌നാട് സ്വദേശിക്ക് തമിഴ്‌നാട് സാങ്കേതിക മന്ത്രി മനോ തങ്കരാജിന്‍റെ അഭിനന്ദനം. താംബരം സ്വദേശിയായ 12-ാം ക്ലാസ് വിദ്യാർഥി പി.രങ്കനാഥനാണ് ഐആർസിടിസി വെബ്സൈറ്റിലെ തകരാർ കണ്ടെത്തിയത്.
സ്കൂളില്‍ നിന്ന് തുടങ്ങിയത്
സൈബർ സുരക്ഷയെ കുറിച്ചാണ് രങ്കനാഥൻ പഠിക്കുന്നത്. ഇതിനിടെ തന്‍റെ സ്‌കൂൾ വെബ്സൈറ്റ് അജ്ഞാതർ ഹാക്ക് ചെയ്ത വിവരം സ്കൂൾ ഉദ്യോഗസ്ഥരിലൂടെ അറിഞ്ഞ രങ്കനാഥൻ തന്‍റേതായ രീതിയിൽ അവലോകനം നടത്തി സ്കൂൾ വെബ്സൈറ്റിൽ നിന്നും വിവരങ്ങൾ ചോർത്തിയതായി കണ്ടെത്തി. ഉടൻ തന്നെ രങ്കനാഥൻ പ്രശ്നങ്ങൾ പരിഹരിച്ചു.
2020 മുതലാണ് രങ്കനാഥൻ പ്രോട്ടോകോളുകൾ സൃഷ്ടിക്കാൻ തുടങ്ങിയത്. ലിങ്കഡ്ഇൻ, ലെനോവോ തുടങ്ങി 25ലധികം കമ്പനികൾക്ക് അവരുടെ വെബ്സൈറ്റിലെ തകരാറുകൾ കണ്ടെത്തി അത് പരിഹരിക്കാൻ രങ്കനാഥൻ നിർദേശം നൽകിയിട്ടുണ്ട്.
ഓഗസ്റ്റ് 30ന് മുത്തശ്ശിമാർക്കായി ഐആർസിടിസി വെബ്സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനിടെ രങ്കനാഥൻ ആക്‌സമികമായി വെബ്സൈറ്റ് പ്രവർത്തിക്കുന്ന കോഡിങ് പഠിക്കുകയും അതിൽ കുറവുകൾ ഉണ്ടെന്ന് മനസിലാക്കുകയുമായിരുന്നു.
ഉടൻതന്നെ കോഡിങ് വഴി ബുക്ക് ചെയ്യുന്നവരുടെ ഇടപാട് വിവരങ്ങൾ എടുത്തു. ഇത് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്ത ആളുകൾ അറിയാതെ ഭക്ഷണം ഓർഡർ ചെയ്യാനും ടിക്കറ്റ് റദ്ദാക്കാനുമെല്ലാം സാധിക്കുമെന്ന് രങ്കനാഥൻ മനസിലാക്കി. ഉടൻ തന്നെ വിദ്യാർഥി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി ആക്ഷൻ കമ്മിറ്റിക്ക് മെയിൽ അയച്ച് വിവരങ്ങൾ അറിയിച്ചു.
എമർജൻസി ടീം ഉടൻ തന്നെ രങ്കനാഥനെ ബന്ധപ്പെടുകയും തകരാർ ഉടൻ പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. വെബ്സൈറ്റിലെ തകരാർ സെപ്റ്റംബർ 4ന് പരിഹരിക്കപ്പെട്ടു. വിവരമറിഞ്ഞ തമിഴ്‌നാട് സാങ്കേതിക മന്ത്രി മനോ തങ്കരാജ് രങ്കനാഥനെ ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്‌തു. ഭാവിയിൽ ആഗോള സോഫ്‌റ്റ്‌വെയർ അനലിസ്റ്റ് ആകുക എന്നതാണ് രങ്കനാഥന്‍റെ ലക്ഷ്യം.
Also Read: സിവിൽ സർവീസസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ റാങ്കുകളിൽ മലയാളികളും