സംഭാജിനഗർ: മയക്കുമരുന്നിന് അടിമയായ അച്ഛൻ മക്കളെ കിണറ്റിലെറിഞ്ഞു. കുട്ടികളിലൊരാൾ മരിച്ചു. മഹാരാഷ്‌ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലെ ചികൽതാന മേഖലയിൽ ശനിയാഴ്‌ച രാവിലെയാണ് സംഭവം.
സംഭവം ഇങ്ങനെ: മഹാരാഷ്‌ട്രയിലെ ഛത്രപതി സംഭാജിനഗറിലെ രാജു പ്രകാശ് ഭോസ്‌ലെയാണ് തന്‍റെ മക്കളായ എട്ട് വയസുകാരൻ ശംഭുവിനെയും നാല് വയസുള്ള ശ്രേയസിനെയും ചൗധരി കോളനിയിലെ കിണറ്റിലേക്ക് എറിഞ്ഞത്. വെള്ളിയാഴ്‌ച രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. മയക്കുമരുന്നിന് അടിമയായ ഇയാൾ അന്നേ ദിവസം മയക്കുമരുന്ന് ഗുളിക കഴിച്ചിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇയാൾ കുട്ടികളെ കിണറ്റിലെറിഞ്ഞത്.
സംഭവം കണ്ട് എത്തിയ അയൽവാസിയായ അനിരുദ്ധ് ദഹിഹാൻഡെ എന്ന യുവാവ് കുട്ടികളെ രക്ഷിക്കാൻ കിണറ്റിലേക്ക് ചാടി. എന്നാൽ മൂത്തമകൻ ശംഭുവിനെ മാത്രമാണ് സുരക്ഷിതമായി പുറത്തെടുക്കാൻ സാധിച്ചത്. ഇളയ കുട്ടി ശ്രേയസിനെ രക്ഷിക്കാന്‍ സാധിച്ചില്ല.
വിവരമറിഞ്ഞയുടൻ എംഐഡിസി സിഡ്‌കോ പൊലീസ് സംഭവ സ്ഥലത്തെത്തി. രാജു പ്രകാശ് ഭോസ്‌ലയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മദ്യപാനിയും മയക്കുമരുന്നിന് അടിമയുമായ ഇയാളുടെ ഭാര്യ ഗാർഹിക പീഡനം മൂലം കഴിഞ്ഞ മാസമാണ് വീട് വിട്ട് പോയത്. ശേഷം രാജുവിനൊപ്പമാണ് മക്കൾ താമസിച്ചിരുന്നത്.