ശ്രീനഗർ: ജമ്മു കശ്‌മീരിൽ തീവ്രവാദ ആക്രമണത്തിൽ മൂന്ന് പൊലീസുകാർ കൊല്ലപ്പെട്ട സംഭവത്തില്‍ പാകിസ്ഥാനുമായി കേന്ദ്രം ചർച്ച നടത്തണമെന്ന് പിഡിപി പ്രസിഡന്‍റ് മെഹബൂബ മുഫ്തി. പ്രദേശത്ത് അക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ ജനങ്ങളുമായി കേന്ദ്രം സംസാരിക്കണമെന്നും മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു.
വെള്ളിയാഴ്‌ച നഗരത്തിലെ ബാഗാട്ട് പ്രദേശത്ത് നടന്ന തീവ്രവാദി ആക്രമണത്തിലാണ് പൊലീസുകാർ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട പൊലീസ് കോൺസ്റ്റബിൾ സുഹൈൽ അഹ്മദിന്‍റെ കുടുംബത്തെ കാണാനായി കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ലോഗ്രിപോര ഐഷ്മുക്കം പ്രദേശം മെഹബൂബ മുഫ്തി സന്ദർശിച്ചു. സന്ദർശനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച മുഫ്തി പാകിസ്ഥാനുമായും ജമ്മു കശ്മീരിലെ ജനങ്ങളുമായും ചർച്ച നടത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടുകയായിരുന്നു. തെക്കൻ കശ്മീരിലെ ഷോപിയൻ ജില്ലയിലെ ബാഡിഗാമിൽ വെള്ളിയാഴ്ച സുരക്ഷാ സേനയുമായുള്ള വെടിവയ്പിൽ മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു.
ഇവിടുത്തെ ജനങ്ങളും പൊലീസുകാരും തങ്ങളുടെ ജീവൻ ബലിയർപ്പിക്കുന്നത് വരെ സർക്കാർ മൗനത്തിലായിരിക്കും. കശ്മീർ പ്രശ്നം പരിഹരിക്കപ്പെടണം. ഇവിടുത്തെ രക്തച്ചൊരിച്ചിൽ അവസാനിപ്പിച്ച് ആളുകൾ സമാധാനത്തോടെ ജീവിക്കുന്ന സ്ഥിതി ഉണ്ടാവണം. ആക്രമണത്തിൽ കൊല്ലപ്പെട്ട അഹ്മദിന് രണ്ട് ചെറിയ കുട്ടികളാണ് ഉള്ളത്. ആ കുടുംബം ഇനി എങ്ങനെ ജീവിക്കണമെന്ന് കേന്ദ്രം പറയണം. കേന്ദ്രഭരണ പ്രദേശത്ത് അക്രമം തടയാൻ പാകിസ്ഥാനുമായി ചർച്ച ആരംഭിക്കണമെന്നും മുഫ്തി ആവശ്യപ്പെട്ടു.