ദിസ്‌പൂർ: അസം സിൽചാർ സിവിൽ ആശുപത്രിയിൽ 5.2 കിലോഗ്രാം ഭാരമുള്ള കുട്ടിക്ക് ജന്മം നൽകി യുവതി. ഇന്ത്യയിൽ ഇത്തരത്തിൽ കേസുകൾ അപൂർവമാണന്ന് ഡോക്‌ടർമാർ പറയുന്നു. അസം സ്വദേശി ജയ ദാസിൻ്റെ കുഞ്ഞാണ് 5.2 കിലോഗ്രാം ഭാരത്തോടെ ജനിച്ചത്. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്നും ഡോക്‌ടർമാർ അറിയിച്ചു.
സാധാരണ ഇന്ത്യയിൽ നവജാതശിശുക്കളുടെ ശരാശരി ഭാരം 2.5 മുതൽ മൂന്ന് കിലോഗ്രാം വരെയാണ്. ചിലപ്പോൾ നാല് കിലോഗ്രാം ഭാരമുള്ള കുട്ടി ജനിക്കുന്നത് തന്നെ അസാധാരണമാണെന്നും ഡോക്‌ടർമാർ പറയുന്നു.
ഇതിന് മുൻപും സമാന കേസ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്
ജയ ദാസിൻ്റെ ആദ്യത്തെ കുട്ടിയുടെ ഭാരം 3.8 കിലോഗ്രാം ആയിരുന്നു. സാധാരണ ഗർഭകാലത്ത് അമ്മക്ക് പ്രമേഹം പിടിപെട്ടാൽ കുട്ടിക്ക് ഭാരം വക്കാറുണ്ട്. എന്നാ ഇവിടെ അമ്മക്ക് പ്രമേഹമില്ല എന്നതും ശ്രദ്ധേയമാണ്. തൻ്റെ 20 വർഷത്തെ സേവന സർവീസിൽ ഇത്തരം അനുഭവം ആദ്യമായാണെന്ന് ഡോ. രജത് ദേവ് പറഞ്ഞു.
നേരത്തെ 2016ൽ കർണാടകയിൽ നിന്ന് സമാന കേസ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. 20 വയസ് പ്രായമുള്ള യുവതി 6.8 കിലോഗ്രാം ഭാരം വരുന്ന ഒരു കുഞ്ഞിനെ പ്രസവിച്ചിരുന്നു. 2015 ൽ ഉത്തർപ്രദേശിൽ 6.7 കിലോഗ്രാം ഭാരമുള്ള ഒരു കുഞ്ഞ് ജനിച്ചതും വലിയ വാർത്തയായിരുന്നു. 1955 സെപ്റ്റംബറിൽ ഇറ്റലിയിൽ 10.2 കിലോഗ്രാം ഭാരത്തോടെ ജനിച്ച കുഞ്ഞാണ് ലോക റെക്കോഡ് നേടിയത്.