ഹൈദരാബാദ്: അമൂല്യ പുരാവസ്‌തുക്കളുടെ ശേഖരവുമായി ഹൈദരാബാദ് സ്വദേശി വൈ.കൃഷ്‌ണമൂർത്തി. 900ത്തോളം വരുന്ന പുരാവസ്‌തുക്കൾ ശേഖരിച്ച് തന്‍റെ വീട് മ്യൂസിയം ആക്കി മാറ്റിയിരിക്കുകയാണ് 81കാരനായ കൃഷ്‌ണമൂർത്തി. വെങ്കലം, ചെമ്പ്, താമ്രം, കല്ല്, വർഷങ്ങൾ പഴക്കമുള്ള വിന്‍റേജ് ടെലിഫോൺ, താളിയോലയിൽ എഴുതാൻ ഉപയോഗിക്കുന്ന ഘണ്ടം തുടങ്ങി നിരവധി വസ്‌തുക്കളാണ് അദ്ദേഹത്തിന്‍റെ അമൂല്യ ശേഖരത്തിലുള്ളത്.
പണ്ട് കാലത്തെ ജനങ്ങൾ പിച്ചള, വെങ്കലം, കല്ല് പാത്രങ്ങളിലായിരുന്നു അരി ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾ പാകം ചെയ്‌തിരുന്നത്. ചെമ്പ് പാത്രങ്ങളിലായിരുന്നു വെള്ളം സംഭരിച്ചിരുന്നത്. അതു വഴിയാണ് പണ്ടത്തെ ജനങ്ങൾക്ക് ധാതുക്കൾ ശരീരത്തിൽ കിട്ടിയിരുന്നതെന്നും ഈ വിദ്യകൾ ഇനിയും ഉപയോഗപ്പെടുത്തണമെന്നും കൃഷ്‌ണമൂർത്തി പറയുന്നു.
ആന്ധ്രാപ്രദേശിലെ സോമേശ്വരം സ്വദേശിയായ കൃഷ്‌ണമൂർത്തി ചെന്നൈയിലായിരുന്നു ജോലി നോക്കിയിരുന്നത്. മുത്തശ്ശൻ മരണപ്പെട്ട് കഴിഞ്ഞപ്പോൾ മുത്തശ്ശിയെ ചെന്നൈയിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചു. മുത്തശ്ശിയെ കൂട്ടാൻ പോയപ്പോൾ പിച്ചള പാത്രങ്ങൾ എല്ലാം കൂടെ കൊണ്ടുവരാൻ മുത്തശ്ശി നിർബന്ധം പിടിച്ചുവെന്ന് അദ്ദേഹം പറയുന്നു.
ആളുകൾ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന പുരാവസ്തുക്കൾ ശേഖരിക്കുകയും സംരക്ഷിക്കുകയും അവ അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യണമെന്ന് താൻ ആഗ്രഹിക്കുന്നു. താൻ ശേഖരിക്കുന്ന പുരാവസ്‌തുക്കൾക്ക് പിന്നിലെ കഥകൾ അറിയാൻ ഗവേഷണം നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read: poovar case: പൂവാര്‍ ലഹരി പാര്‍ട്ടി: അന്വേഷണം വ്യാപകമാക്കും, കേസ് പ്രത്യേക സംഘത്തിന്