ന്യൂഡൽഹി: രാജ്യത്തെ എട്ട് ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമാരെ പ്രസിഡന്‍റ് രാം നാഥ് കോവിന്ദ് നിയമിച്ചു. അഞ്ച് ചീഫ് ജസ്‌റ്റിസുമാരെ വിവിധ ഹൈക്കോടതികളിലേക്ക് മാറ്റി. ജഡ്‌ജിമാരുടെ നിയമനം സംബന്ധിച്ച് നിയമ മന്ത്രാലയം പ്രസ്‌താവന പുറത്തിറക്കി.
കൊൽക്കത്ത ഹൈക്കോടതി ആക്‌ടിങ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രാജേഷ് ബിന്ദലിനെ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. മേഘാലയ ഹൈക്കോടതിയിലെ ജസ്റ്റിസ് രജ്ഞിത്ത് വി.യെ അതേ ഹൈക്കോടതിയെ ചീഫ് ജസ്റ്റിസായി ഉയർത്തി. കർണാടക ഹൈക്കോടതി ആക്‌ടിങ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയെ തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസായും മധ്യപ്രദേശ് ഹൈക്കോടതി ജസ്റ്റിസ് പ്രകാശ് ശ്രീവാസ്‌തവയെ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു.
ഹിമാചൽ പ്രദേശ് ഹൈക്കോടതി ആക്‌ടിങ് ചീഫ് ജസ്റ്റിസ് ആർ.വി മാലിമത്തിനെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലപ്പെടുത്തി. അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് റിതു രാജിനെ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലപ്പെടുത്തി. കർണാടക ഹൈക്കോടതി ജസ്റ്റിസ് അരവിന്ദ് കുമാറിനെ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായും ചത്തീസ്‌ഗഢ് ഹൈക്കോടതി ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രയെ ആന്ധ്രാ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു.
അഞ്ച് ചീഫ് ജസ്‌റ്റിസുമാരെ സ്ഥലം മാറ്റി
ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.എ ഖുറേഷിയെ രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസായും രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹാന്‍റിയെ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു.
മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുഹമ്മദ് റഫീഖിനെ ഹിമാചൽ പ്രദേശ് ചീഫ് ജസ്റ്റിസായും മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ബിശ്വന്ത് സോമാഡറെ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസായും സ്ഥലം മാറ്റി. ആന്ധ്രാ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.കെ ഗോസ്വാമിയെ ചത്തീസ്‌ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും സ്ഥലം മാറ്റി.
ALSO READ: IPL 2021: ഇനി കളി മാറും, ക്വാളിഫയർ മത്സരങ്ങൾക്ക് നാളെ തുടക്കം; ആദ്യ ചെന്നൈയും ഡൽഹിയും ഏറ്റുമുട്ടും