ഹർദ (മധ്യപ്രദേശ്) : ഇന്ത്യയെ കൊളോണിയൽ ശക്തികളിൽ നിന്ന് മോചിപ്പിക്കാൻ സത്യത്തിന്‍റെയും അഹിംസയുടെയും തത്വങ്ങളെ മുറുകെപ്പിടിച്ച് സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോടൊപ്പം അക്ഷീണം പ്രയത്നിച്ച നിരവധി സമരനായകരുണ്ട്. അത്തരത്തിൽ ഹർദയിലെ സോക്കൽ കുടുംബത്തിനും സമരനാളുകളിൽ ഗാന്ധിജിയോടൊപ്പം മുൻനിരയിൽ നിന്ന് പ്രവർത്തിച്ച ചരിത്രകഥകളെക്കുറിച്ച് പറയാനുണ്ട്.
സോക്കൽ കുടുംബാംഗങ്ങളായ അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി ചമ്പലാൽ ശങ്കർ, അദ്ദേഹത്തിന്‍റെ പിതാവ് തുളസിറാം സോക്കൽ എന്നിവർ സ്വാതന്ത്ര്യ സമരത്തിൽ പ്രധാന പങ്ക് വഹിച്ചവരാണ്. ഹർദയിലെ സമരയജ്ഞങ്ങളിൽ നിരവധി കുടുംബങ്ങൾ ഉൾപ്പെട്ടിരുന്നുവെങ്കിലും ഗാന്ധിജിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതിനാൽ സോക്കൽ കുടുംബം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഈ അടുപ്പം കൊണ്ടുതന്നെ, 1933 ഡിസംബർ എട്ടിന് ഗാന്ധിജിയുടെ സന്ദർശനവേളയിൽ ഹർദ നിവാസികൾ അദ്ദേഹത്തിന് വൻ സംഭാവനകൾ നൽകി. 1933ലെ ഗാന്ധിജിയുടെ ഹർദ സന്ദർശനത്തിന്‍റെ ഓർമകൾ ഇന്നും നെഞ്ചേറ്റുകയാണ് സോക്കൽ കുടുംബത്തിലെ പിൻതലമുറക്കാർ.
ചമ്പലാൽ ശങ്കറിന്‍റെ രണ്ട് പെൺമക്കൾക്ക് ഇപ്പോൾ 90ഉം 80ഉം വയസ് പ്രായമായി. ഹരിജൻ ക്ഷേമത്തിനായുള്ള ക്യാംപയിനിന്‍റെ ഭാഗമായാണ് ഗാന്ധിജി ഹർദ സന്ദർശിച്ചത്. ആ ദിവസത്തെക്കുറിച്ച് അനുസ്മരിക്കുകയാണ് സോക്കൽ സഹോദരിമാർ.
അവർ ഇടിവി ഭാരതിനോട്
ഹർദയിലെ സമീപ ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിൽ നിന്നുമുള്ള ധാരാളം പേര്‍ റോഡിന്‍റെ ഇരുവശങ്ങളിലും നിന്ന് ബാപ്പുവിനെ പുഷ്പങ്ങൾ ചൊരിഞ്ഞുകൊണ്ട് സ്വാഗതം ചെയ്തു. തന്നെ കാണാൻ ഏവരും ക്ഷമയോടെ നിരയായി കാത്തുനിന്നത് ഗാന്ധിജിയെ ഏറെ ആകർഷിച്ചു. ഇത്തരമൊരു അച്ചടക്കം താൻ എവിടെയും കണ്ടിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം, ഹർദയെ 'ഹൃദയ നഗരം' എന്നാണ് അഭിസംബോധന ചെയ്തത്.
ഹർദയിലെ ജനങ്ങൾ അദ്ദേഹത്തിന് ഒരു സഞ്ചി നിറയെ പണം സമ്മാനിച്ചു. 1,633 രൂപയും 15 അണയും എന്നത് സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തിൽ വലിയ തുകയായിരുന്നു. 'ഹരിജൻ സേവക്' എന്ന പത്രത്തിൽ പരാമർശിച്ചതുപോലെ അദ്ദേഹത്തിന്‍റെ പര്യടനത്തിനിടെ സമാഹരിച്ച ഏറ്റവും വലിയ തുക.
അന്ന് ഗാന്ധിക്ക് സമ്മാനമായി ലഭിച്ച വെള്ളി പാത്രം പിന്നീട് ലേലം ചെയ്യപ്പെട്ടിരുന്നു. 101 രൂപയ്ക്ക് തങ്ങളുടെ മുത്തച്ഛന്‍ തുളസിറാം സോക്കൽ ലേലത്തിൽ നിന്ന് വാങ്ങിയ ആ വെള്ളിപാത്രം ഇന്നും നിധിപോലെ സൂക്ഷിച്ചുവരികയാണ് സോക്കൽ സഹോദരിമാർ. രാജ്യസ്വാതന്ത്ര്യത്തിന് വേണ്ടി അക്ഷീണം പ്രയത്നിച്ച തങ്ങളുടെ പൂർവികരുടെ സ്മരണ നിലനിർത്താൻ ഗുജറാത്തിലെ സബർമതി ആശ്രമത്തിലേക്ക് ഒരു ചർക്കയും ഗാന്ധിയൻ സാഹിത്യം പ്രചരിപ്പിക്കാൻ ആയിരം പുസ്തകങ്ങളും സോക്കൽ സഹോദരിമാർ സംഭാവന ചെയ്തിട്ടുണ്ട്.