ചെങ്കല്‍പേട്ട് (തമിഴ്‌നാട്): പേര് രത്‌നം, വയസ് 72. മാലിദ്വീപില്‍ വച്ച് നടക്കുന്ന 54-ാമത് ഏഷ്യൻ ബോഡിബിൽഡിങ് ആൻഡ് ഫിസിക് സ്പോർട്‌സ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ചെങ്കൽപട്ട് ജില്ലയിലെ മടുരന്തകം സ്വദേശിയായ രത്നമാണ്.
നാട്ടില്‍ സ്വന്തമായി ഒരു ജിംനേഷ്യമുണ്ട് രത്‌നത്തിന്. പതിനാലാമത്തെ വയസില്‍ ബോഡിബില്‍ഡിങ് രംഗത്തേക്ക് കടന്നുവന്നതാണ് രത്‌നം. 72-ാമത്തെ വയസിലും ശാരീരിക ക്ഷമതക്ക് ഏറെ പ്രാധാന്യം നല്‍കുന്നു.
മെയ് 22ന് ഹിമാചൽ പ്രദേശിൽ നടന്ന ബോഡി ബിൽഡിങ് മത്സരത്തിൽ യോഗ്യത നേടിയതോടെയാണ് ഏഷ്യൻ ബോഡിബില്‍ഡിങ് ചാമ്പ്യൻഷിപ്പിലേക്കുള്ള വഴി തുറന്നത്. ജൂലൈ 15 മുതൽ 21 വരെ മാലിദ്വീപിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 60 വയസിന് മുകളിലുള്ള പ്രായ വിഭാഗത്തിൽ രത്‌നം മത്സരിക്കും. ശാരീരിക ക്ഷമതയെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ കുറിപ്പുകള്‍ പങ്കുവയ്ക്കുന്ന തമിഴ്‌നാട് ഡിജിപി ശൈലേന്ദ്ര ബാബുവാണ് രത്‌നത്തിന്‍റെ റോൾ മോഡൽ.