ഡെറാഡൂൺ: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നതിനാൽ ജനങ്ങള്‍ മൂന്നാമത് ഡോസ് വാക്‌സിൻ എടുക്കുന്നതിൽ വിമുഖ കാണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഡിസംബറോടെ 70,000 വാക്‌സിനുകളുടെ കാലാവധി അവസാനിക്കുകയാണ്. ഇതിനിടയിലാണ് ഉത്തരാഖണ്ഡില്‍ വാക്‌സിന്‍ എടുക്കുന്നതില്‍ നിന്ന് ആളുകള്‍ വിട്ടു നില്‍ക്കുന്നതെന്ന വിവരം പുറത്തുവരുന്നത്. പ്രാരംഭ ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കാനായി കുത്തിവയ്‌പ്പ് കേന്ദ്രങ്ങളില്‍ ആളുകള്‍ തടിച്ചു കൂടിയിരുന്നു.
എന്നാല്‍ നിലവില്‍ വാക്‌സിനെടുക്കാന്‍ ആരും താത്‌പര്യം കാണിക്കുന്നില്ലെന്നാണ് ഉത്തരാഖണ്ഡ് ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തൊട്ടാകെ പ്രതിദിനം രണ്ടായിരത്തോളം പേർക്ക് മാത്രമാണ് ബൂസ്റ്റർ ഡോസ് ലഭിക്കുന്നത്. സംസ്ഥാനത്ത് ആവശ്യത്തിന് കൊവാക്‌സിൻ, കോവിഷീൽഡ് വാക്‌സിനുകളും ബൂസ്റ്റർ ഡോസുകളും ഉണ്ടെന്നും എന്നാൽ വാക്‌സിനേഷൻ എടുക്കാൻ ആളുകൾ എത്തുന്നില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
70,000 ഡോസ് ബൂസ്റ്ററുകൾക്ക് പുറമേ, ഏകദേശം 27,000 ഡോസ് കോവാക്‌സിൻ, 47,000 ഡോസ് കോവിഷീൽഡ് എന്നിവ ഉത്തരാഖണ്ഡിൽ കെട്ടിക്കിടക്കുകയാണ്. ഈ വാക്‌സിനുകളെല്ലാം ഡിസംബറിൽ കാലഹരണപ്പെടാൻ പോകുന്നവയാണ്. സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഉത്തരാഖണ്ഡിൽ ഇതുവരെ 21,770,00 ആളുകൾക്ക് ബൂസ്റ്റർ ഡോസ് ലഭിച്ചു.
കണക്കുകൾ പ്രകാരം അൽമോറ ജില്ലയിൽ 95,635, ബാഗേശ്വർ ജില്ലയിൽ 64,022, ചമോലി ജില്ലയിൽ 1,25,311, ചമ്പാവത്ത് ജില്ലയിൽ 47,805, ഡെറാഡൂൺ ജില്ലയിൽ 4,35,374, ഹരിദ്വാറില്‍ 3,62,011 പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചു.
നൈനിറ്റാളിൽ 2,08,069 പേരും പൗരിയിൽ 1,47,140 പേരും പിത്തോരഗഡിൽ 75,933 പേരും രുദ്രപ്രയാഗിൽ 60,851 പേരും തെഹ്‌രിയിൽ 1,44,046 പേരും ഉധം സിങ് നഗറിൽ 2,85,579 പേരും ഉത്തരകാഷിയിൽ 1,25,101 പേരും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.