ബെംഗളൂരു : കൊവിഡ് രോഗികൾക്കായി 6,034 കിടക്കകൾ ബെംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളജുകള്‍ നീക്കിവച്ചതായി കര്‍ണാടക ആരോഗ്യ മന്ത്രി കെ. സുധാകര്‍. 1,135 കിടക്കകൾ കൂടി ഉടൻ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ബെംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളജ് മാനേജ്‌മെന്‍റുകളുമായി നടത്തിയ ചർച്ചയെത്തുടര്‍ന്നാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വാക്‌സിൻ വിതരണം സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി ചർച്ച നടത്തിയിട്ടുണ്ട്. നിലവിൽ അഞ്ച് ലക്ഷം ഡോസ് വാക്സിൻ സ്റ്റോക്ക് ഉണ്ടെന്നും സുധാകര്‍ അറിയിച്ചു. ഒരു കോടി വാക്‌സിൻ ഇതുവരെ നൽകി. മെയ് 15നകം 2 കോടി ഡോസ് വാക്സിൻ നൽകാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ വായനയ്‌ക്ക്: ബെംഗളൂരുവിലെ വ്യോമസേന കേന്ദ്രം നാളെ മുതല്‍ കൊവിഡ് കെയര്‍ സെന്‍റര്‍
കൊവിഡ് അനുബന്ധ ചുമതലകളിൽ സേവനമനുഷ്ഠിക്കുന്ന അവസാന വർഷ എംബിബിഎസ്, നഴ്സിങ് വിദ്യാർഥികൾക്ക് പ്രത്യേക അലവൻസും ക്രെഡിറ്റും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇവരെ കൊവിഡ് യോദ്ധാക്കളായി കാണുകയും പ്രതിരോധ കുത്തിവയ്പ്പിൽ മുൻഗണന നൽകുകയും ചെയ്യു. ആഭ്യന്തരമന്ത്രി ബി എസ് ബൊമ്മൈ, റവന്യൂ മന്ത്രി ആർ അശോക എന്നിവരും ചർച്ചയിൽ പങ്കെടുത്തു.