ന്യൂഡൽഹി:അതിവേഗം പടരുന്ന ജനിതകമാറ്റം സംഭവിച്ച കൊവിഡ് ഇന്ത്യയിൽ സ്ഥിരീകരിച്ചു. ബ്രിട്ടണിൽ നിന്നെത്തിയ ആറ് പേരിൽ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ബെംഗളൂരു നിംഹാന്‍സിന്‍ നടത്തിയ പരിശോധനയില്‍ മൂന്ന് പേര്‍ക്കും ഹൈദരാബാദിലെ സെന്‍റർ ഫോർ സെല്ലുലാർ ആന്‍റ് മോളിക്യുലാർ ബയോളജിയില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ക്കും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ക്കുമാണ് വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചത്.
ഡിസംബര്‍ 23നും 25നും ഇടയില്‍ 33,000 ഓളം പേരാണ് ബ്രിട്ടനില്‍ നിന്ന് ഇന്ത്യയില്‍ എത്തിയത്. ഇവരില്‍ 114 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ആറ് പേർക്കാണ് ജനിതകമാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ നിരീക്ഷണത്തിലാക്കിയതായും അധികൃതർ അറിയിച്ചു.