ആന്ധ്രപ്രദേശ്: ഗുണ്ടൂരില്‍ ആറ് ഇതര സംസ്ഥാന തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുണ്ടൂരിലെ ലങ്കവന്നിദിബ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ചെമ്മീന്‍ ഹാച്ചറിയിലെ തൊഴിലാളികളാണ് മരിച്ചത്. രാത്രിയില്‍ തൊഴിലാളികൾ ഉറങ്ങുന്നതിനിടെ വൈദ്യുതാഘാതമേറ്റാകാം അപകട കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം.
രാമമൂര്‍ത്തി, കിരണ്‍, മനോജ്, പണ്ഡാവോ, മഹീന്ദ്ര, നവീന്‍ എന്നിവരാണ് മരിച്ചത്. ഇവർ ഒഡിഷ, ബിഹാർ എന്നി സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അപകട സ്ഥലത്ത് നിന്ന് ബ്ലീച്ചിങ് പൗഡർ അടക്കമുള്ള ചില വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ എങ്ങനെയാണ് വൈദ്യുതാഘാതം ഏറ്റത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.
കൂടുതല്‍ വായനക്ക്: വൈദ്യുതാഘാതമേറ്റ് ഭാര്യയും ഭർത്താവും ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം
സംഭവ സ്ഥലത്ത് വൈദ്യുതി ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പരിശോധന നടത്തുന്നുണ്ട്. സ്ഥാപന ഉടമയേയും മാനേജരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഫോറന്‍സിക്ക് പരിശോധനക്ക് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.