ബെംഗളൂരു: ഗോളിബാറിൽ പൊലീസിനെ ആക്രമിച്ച കേസിൽ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയടക്കം ആറ് പേർ പിടിയിൽ. മെയ് 16ന് മംഗലാപുരം ന്യൂ ചിത്ര സിനിമാ ടാക്കീസിന് സമീപം ചെക്ക് പോസ്റ്റിലുണ്ടായിരുന്ന ഗണേഷ് കാമത്തിനെയാണ് സംഘം ആക്രമിച്ചത്. അനിഷ് ആശ്ര (22), അബ്‌ദുൾ ഖാദർ ഫഹദ് (23), ഷെയ്ഖ് മുഹമ്മദ് ഹാരിസ്, സിഗ്രി (31), മുഹമ്മദ് ഖൈസ് (24), മുഹമ്മദ് നവാസ് (30), പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടി എന്നിവരെയാണ് മംഗലാപുരം പൊലീസ് അറസ്റ്റ് ചെയ്‌തത്.
കഴിഞ്ഞ വർഷം സി.എ.എ പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് ഏറ്റുമുട്ടലിൽ രണ്ട് പ്രതിഷേധക്കാർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഗോളിബാറിൽ പൊലീസിനെ ആക്രമിച്ചതെന്ന് കമ്മിഷണർ ശശികുമാർ പറഞ്ഞു. മായാ സംഘം എന്നറിയപ്പെടുന്ന യുവാക്കൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കേസിൽ ഇതുവരെ പിടിയിലായവരുടെ എണ്ണം എട്ട് ആയി. സംഘം മയക്കുമരുന്നിന് അടിമയാണെന്നും പൊലീസ് പറഞ്ഞു. കൂടുതൽ പേർക്കായി അന്വേഷണം തുടരുമെന്നും പൊലീസ് പറഞ്ഞു.