ന്യൂഡൽഹി : പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതിയുടെ മൂന്നാം ഘട്ടത്തിനുകീഴിൽ മെയ് മാസത്തിൽ 55 കോടി ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ ലഭിച്ചതായി കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി സുധാൻഷു പാണ്ഡെ. ജൂണ്‍ മാസം 2.6 കോടി ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്‌സിഐ) ഡിപ്പോകളിൽ നിന്ന് 63.67 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകി. ഇത് മെയ്, ജൂൺ മാസങ്ങളിലെ 80 ശതമാനം വിഹിതമാണ്. മെയ് മാസത്തിൽ 34 സംസ്ഥാനങ്ങളിലെയും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 55 കോടിയോളം വരുന്ന ഗുണഭോക്താക്കൾക്ക് നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്റ്റ് പ്രകാരം 28 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ALSO READ: ടോക്കിയോ ഒളിമ്പിക്‌സ്: തയ്യാറെടുപ്പ് അവലോകനം ചെയ്‌ത് പ്രധാനമന്ത്രി
'വൺ നേഷൻ വൺ റേഷൻ കാർഡ്' പദ്ധതിയുടെ പ്രചാരണവും അവബോധവും നടത്തുന്നതിനായി സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യർഥിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ നൽകുന്നതിനായി 'മേരാ റേഷൻ' മൊബൈൽ ആപ്ലിക്കേഷനും '14445' ടോൾ ഫ്രീ നമ്പറും തയ്യാറാക്കിയിട്ടുണ്ട്. പത്ത് വ്യത്യസ്ത ഭാഷകളിൽ (ഇംഗ്ലീഷ്, ഹിന്ദി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഗുജറാത്തി, മറാത്തി) ഇവയുടെ സേവനം ലഭ്യമാണ്. 'മേരാ റേഷൻ' അപ്ലിക്കേഷനിൽ കൂടുതൽ പ്രാദേശിക ഭാഷകൾ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും സുധാൻഷു പാണ്ഡെ കൂട്ടിച്ചേർത്തു.