ന്യൂ ഡൽഹി: 51-ാമത് ദാദാ സാഹെബ് ഫാൽക്കെ അവാർഡ് രജനികാന്തിന്. ഇന്ത്യൻ സിനിമക്ക് രാജ്യം നൽകുന്ന വിശിഷ്‌ട പുരസ്‌കാരമായ ദാദാ സാഹെബ് ഫാൽക്കെ അവാർഡിന് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനികാന്ത് അർഹനായെന്ന് വാർത്താ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ ട്വിറ്ററിലൂടെ അറിയിച്ചു. 2019ലെ പുരസ്‌കാരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ ചലച്ചിത്രമേഖലക്ക് നൽകിയ സമഗ്രസംഭാവനക്കാണ് ആദരവ്. 1996ൽ ശിവാജി ഗണേഷന് ശേഷം ഒരു തെന്നിന്ത്യൻ നടന് ഇതാദ്യമായാണ് ദാദാ സാഹെബ് പുരസ്കാരം നേടുന്നത്.
ഇന്ത്യൻ സിനിമയുടെ പിതാവെന്ന് അറിയപ്പെടുന്ന ദാദാ സാഹെബ് ഫാൽക്കെയുടെ സ്മരാണര്‍ഥം ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനക്ക് നൽകി വരുന്ന പുരസ്‌കാരമാണിത്. ആശാ ഭോസ്‌ലെ, മോഹൻലാൽ, ബിശ്വജിത് ചാറ്റർജി, ശങ്കർ മഹാദേവൻ, സുഭാഷ് ഘായ് എന്നിവർ ഉൾപ്പെട്ട ജൂറിയാണ് രജനികാന്തിനെ അവാർഡ് ജേതാവായി തെരഞ്ഞെടുത്തത്.
വ്യത്യസ്‌ത കഥാപാത്രങ്ങളിലൂടെയും ബഹുമാനാർഹമായ വ്യക്തിത്വത്തിലൂടെയും തലമുറകളുടെ ജനപ്രീതിയാർജ്ജിച്ച താരമാണ് രജനികാന്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. തലൈവയുടെ പുരസ്കാര നേട്ടം അങ്ങേയറ്റം സന്തോഷം പകരുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.