മുംബൈ: ടൗട്ടെ ചുഴലിക്കാറ്റില്‍ അപകടത്തില്‍പ്പെട്ട ബാര്‍ജ് പി-305 ല്‍ നിന്നും കാണാതായവരെ കണ്ടെത്തുന്നതിനായുള്ള ഇന്ത്യൻ നാവികസേനയുടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
രക്ഷപ്പെട്ടവരെയും മരിച്ചവരുടെ മൃതദേഹങ്ങളും കണ്ടെത്താനുള്ള ഊര്‍ജ്ജിതമായ നീക്കമാണ് നാവിക സേന നടത്തുന്നത്. 188 പേരെ ഇതുവരെ രക്ഷപെടുത്തി. 51 പേരാണ് മരിച്ചത്. അവശേഷിച്ചവര്‍ക്കര്‍ക്കുള്ള തെരച്ചിലാണ് നടക്കുന്നത്.
ALSO READ: ബാർജ് അപകടം; കൊല്ലം സ്വദേശിയായ യുവാവും മരിച്ചു
ടൗട്ടെ ചുഴലിക്കാറ്റ് ആഞ്ഞടിച്ച തിങ്കളാഴ്ച മുംബൈയില്‍ നിന്ന് 35 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള കടലിലാണ് ബാര്‍ജ് മുങ്ങിപ്പോയത്. എണ്ണഖനനവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്ന 261 പേരാണ് ഉണ്ടായിരുന്നത്. മറ്റ് രണ്ട് ബാര്‍ജിലെ 144 പേരെ നേരത്തെ രക്ഷപെടുത്തിയിരുന്നു.
വരപ്രദ ബോട്ടില്‍ ഉണ്ടായിരുന്ന 13 പേരില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി മറ്റ് 11 പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചുവെന്ന റിപ്പോര്‍ട്ട് അല്‍പം മുന്‍പ് വന്നിരുന്നു. കൊല്ലം ശക്തികുളങ്ങര പുത്തൻതുരുത്ത് സ്വദേശി ആന്‍റണി എഡ്വിൻ (27) ആണ് മരിച്ചത്.
ഒ.എൻ.ജി.സിയിലെ എൻജിനിയർ ആയിരുന്നു ആന്‍റണി. അപകടത്തിൽ ആന്‍റണി രക്ഷപെട്ടിരുന്നുവെങ്കിലും കഴിഞ്ഞ രണ്ടു ദിവസങ്ങളായി അബോധാവസ്ഥയിലായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് മരണവാർത്ത പുറത്തറിഞ്ഞത്.
അതേസയം, ബാര്‍ജിലെ ക്യാപ്റ്റന്‍ രാകേഷ് ഭല്ലവിനെതിരെ നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്‌തു. അപകടത്തില്‍ രക്ഷപ്പെട്ട ബാര്‍ജിലെ ജീവനക്കാരന്‍ മുസാഫിര്‍ റഹ്മാന്‍ ഹുസൈന്‍ ഷെയ്ക്കാണ് ക്യാപ്റ്റനെതിരെ യെല്ലോ ഗേറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയത്.
കാലാവസ്ഥ മുന്നറിയിപ്പുകൾ അവഗണിച്ച് കനത്ത ചുഴലിക്കാറ്റില്‍ കപ്പൽ നീക്കുന്നതിൽ ക്യാപ്റ്റൻ പരാജയപ്പെട്ടുവെന്നും ക്യാപ്റ്റന്‍റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നും പരാതിയില്‍ പറയുന്നു.