മുംബൈ: കൊവിഡ് ബാധിച്ച് മരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലീപ് വാൽസെ പാട്ടീൽ 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പൂനെയിൽ പൊലീസ് വെൽഫെയർ പെട്രോൾ പമ്പുകളുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 700 കോടി രൂപ ഡിപ്പാർട്ട്മെന്‍റിനായി വകയിരുത്തുമെന്ന് പാട്ടീൽ പറഞ്ഞു.
പാട്ടീൽ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ എന്നിവർ ചേർന്നാണ് പൊലീസ് വെൽഫെയർ പെട്രോൾ പമ്പുകൾ ഉദ്ഘാടനം ചെയ്തത്. വനിതാ ഉദ്യോഗസ്ഥരാണ് യൂണിറ്റുകൾ പ്രവർത്തിപ്പിക്കുക. പൂണെയിലെ ഗ്രാമീണ പൊലീസ് ആസ്ഥാനത്തിന് സമീപമാണ് പെട്രോൾ പമ്പുകൾ സ്ഥിതിചെയ്യുന്നത്. ഇവയിൽ നിന്ന് ലഭിക്കുന്ന വരുമാനം ഗ്രാമീണ പൊലീസ് ക്ഷേമത്തിനായി ഉപയോഗിക്കും.
Also read: 'താറാവ്' മോഡലിലൊരു ഫ്രിഡ്‌ജ്; ഞെട്ടി സൈബർ ലോകം
സമൂഹത്തെ രക്ഷിക്കാൻ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലാണ് പൊലീസ് വകുപ്പ് പ്രവർത്തിക്കുന്നതെന്നും കൊവിഡ് മഹാമാരി മൂലം വകുപ്പിന്മേലുള്ള സമ്മർദ്ദം വളരെയധികം വർധിച്ചിട്ടുണ്ടെന്നും ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച പാട്ടീൽ പറഞ്ഞു. കൊവിഡ് കാലഘട്ടം പൊലീസ് വകുപ്പിന്‍റെ കഠിനാധ്വാനത്തെ ഉയർത്തിക്കാട്ടുന്നുവെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു.