ലഖ്നൗ: ഉത്തർപ്രദേശിലെ കനൗജ് ജില്ലയില്‍ നിന്നുള്ള കൊവിഡ് രോഗികളുടെ മൃതദേഹങ്ങളും ഗംഗാ നദിക്കരയിൽ മണലിൽ കുഴിച്ചിട്ടതായി കണ്ടെത്തി. ജില്ലയിലെ മഹാദേവി ഗംഗാ ഘട്ടിൽ നിന്ന് 50 ഓളം മൃതദേഹങ്ങൾ ഒഴുക്കിയ ഒരു കേസ് അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന് മുമ്പ് ഉത്തര്‍പ്രദേശിലെ കാൺപൂർ, ഖാസിപൂർ, ഉന്നാവോ, ചന്ദൗലി, വാരാണസി തുടങ്ങി നിരവധി ജില്ലകളിൽ ഇതേ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് വടക്കൻ സംസ്ഥാനങ്ങളെ ബാധിച്ചുകൊണ്ടിരിക്കുന്നതിനിടെ അതിവേഗം ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ് രോഗം.
Read Also……ഇടിവി ഭാരത് ഇംപാക്ട്; ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുക്കിയ സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍
ശരിയായ ചികിത്സ ലഭിക്കാത്തതിനാലാണ് കൊവിഡ് മരണങ്ങൾ വർദ്ധിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ, ശവസംസ്കാരത്തിനു വേണ്ടിയുള്ള അമിത ചെലവ് ഒഴിവാക്കാൻ ആളുകൾ മൃതദേഹങ്ങൾ നദികളുടെ തീരത്ത് കുഴിച്ചിടാൻ തുടങ്ങി. കനത്ത മഴയിൽ മുകളിലുണ്ടായിരുന്ന മണ്ണ് ഒഴുകിപ്പോയതോടെയാണ് മഹാദേവി ഗംഗാ ഘട്ട് സംഭവം പുറത്തായത്. പിപിഇ കിറ്റ് ധരിച്ച ഒരാളിനൊപ്പം ഗംഗാനദിക്കരയില്‍ മൃതദേഹം കുഴിച്ചിടുന്ന എക്സ്ക്ലൂസീവ് ദൃശ്യങ്ങള്‍ ഇടിവി ഭാരത് കഴിഞ്ഞദിവസം പുറത്ത്‌വിട്ടിരുന്നു. പിപിഇ കിറ്റ് ധരിച്ചതില്‍ നിന്നും മൃതദേഹം ഒരു കൊവിഡ് രോഗിയുടേതാണെന്നത് വ്യക്തമാണ്.
കൊവിഡ് മരണങ്ങള്‍ വര്‍ധിച്ചതോടെ ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുന്നതും സംസ്കരിക്കാന്‍ കാലതാമസം നേരിടുന്നതുമാണ് ഇത്തരത്തില്‍ ഗംഗാതീരത്ത് മൃതദേഹങ്ങള്‍ വ്യാപകമായി സംസ്കരിക്കാന്‍ കാരണമെന്നാണ് പറയുന്നത്. മഹാദേവി ഗംഗാ ഘട്ടില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടായിരത്തോളം മൃതദേഹങ്ങള്‍ സംസ്‌കരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. മഴക്കാലമായാല്‍ ഗംഗാ നദിയിലെ ജലനിരപ്പ് ഉയർന്നാല്‍ കൂടുതൽ മൃതദേഹങ്ങൾ പുറത്തുവരും. ഇത് ജലാശയത്തെ മലിനമാക്കുകയും അണുബാധ കൂടുതൽ വ്യാപിപ്പിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. സംഭവം മാധ്യമശ്രദ്ധ ആകർഷിച്ചതിനെത്തുടർന്ന് ഭരണകൂടം നടപടിയെടുക്കുകയും സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി എ.ഡി.എം ഗജേന്ദ്ര സിംഗ് ഉള്‍പ്പെട്ട മൂന്ന് അംഗ സംഘത്തെ നിയോഗിക്കുകയും ചെയ്തു.