ബെംഗളൂരു: ലണ്ടനിൽ നിന്ന് കർണാടകയിലേക്ക് എത്തിയ അഞ്ച് പേർ കർണാടകയിൽ ക്വാറന്‍റൈനിൽ. ഇതിൽ ഒരാൾക്ക് കൊവിഡ് പോസിറ്റീവായി. നാല് പേരുടെ പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. ലണ്ടനിൽ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന കർശനമാക്കിയിരിക്കുകയാണ് കർണാടക സർക്കാർ. എന്നാൽ രാത്രി കാല കർഫ്യൂ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ വ്യക്തമാക്കി. കേന്ദ്ര നിർദേശം അനുസരിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വരുന്നവർ നിർബന്ധമായും 14 ദിവസം ക്വാറന്‍റൈനിൽ തുടരണം .
അതേസമയം 2020 ഡിസംബർ ഏഴ് മുതൽ യുകെയിൽ നിന്ന് എത്തിയ യാത്രക്കാരുടെ പട്ടിക നൽകാൻ ബെംഗളൂരുവിലെയും മംഗളൂരുവിലെയും അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് കർണാടക സർക്കാർ നിർദേശം നൽകി. യുകെയിൽ നിന്ന് വരുന്ന യാത്രക്കാർ നിർബന്ധമായും ആർടി-പിസിആർ പരിശോധന നടത്തണം. കൊറോണ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ലണ്ടനിൽ നിന്നുള്ള വിമാന സർവീസുകൾ ഡിസംബർ 31 വരെ ഇന്ത്യ നിർത്തിവെച്ചിരിക്കുകയാണ്.