കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മിന്നലേറ്റും ഷോക്കേറ്റും അഞ്ച് പേർ മരിച്ചു. മുർഷിദാബാദ്, നാദിയ, മേദ്‌നിപൂർ എന്നീ ജില്ലകളിലുള്ളവരാണ് മരിച്ചത്. മെദ്‌നിപൂരിൽ രണ്ട് കുട്ടികളാണ് മരിച്ചത്. ഇവർക്ക് ഷോക്കേറ്റതാണ് മരണകാരണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ മെട്രോപൊലീസിലും മറ്റ് ജില്ലകളിലും യാസ് ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ കനത്ത മഴയായിരുന്നു കഴിഞ്ഞ ദിവസം പെയ്‌തത്.
Also Read: പശ്ചിമ ബംഗാളിൽ കൊവിഡ് നിയന്ത്രണങ്ങള്‍ ജൂൺ 15 വരെ നീട്ടി
വ്യാഴാഴ്‌ച മാത്രം അലിപോർ ജില്ലയിൽ 75 എംഎം മഴ രേഖപ്പെടുത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മാൾഡയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ഇവിടെ 140 എംഎം മഴയാണ് രേഖപ്പെടുത്തിയത്. അതേസമയം ഡയമണ്ട് ഹാർബറിൽ 57 എംഎം മഴയും രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇന്നും മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എല്ലാ ജില്ലകളിലും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ഇന്ന് മുതൽ മഴയുടെ ശക്തി കുറയാനും സാധ്യതയുണ്ട്.