ന്യൂഡൽഹി: ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലായി 48 പേരില്‍ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. മഹാരാഷ്ട്രയിൽ മാത്രം 20 കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിലുള്ള വാക്സിനുകൾ ഈ പുതിയ വകഭേദത്തിനെതിരെ പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് കണ്ടെത്താൻ ഏഴ് മുതൽ പത്ത് ദിവസം വരെ സമയമെടുക്കുമെന്നും ഐസിഎംആർ ഡിജി ഡോക്‌ടർ ബല്‍റാം ഭാർഗവ വ്യക്തമാക്കി. സാർസ്-കോവി -2 വൈറസിന്‍റെ പുതിയ വകഭേദങ്ങളെക്കുറിച്ച് ന്യൂഡൽഹിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനകം 12 രാജ്യങ്ങളിൽ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയിട്ടുണ്ട്. വൈറസിന്‍റെ പരിവര്‍ത്തനം സംബന്ധിച്ച് പഠനം പുരോഗമിക്കുകയാണ്. വൈറസിന്‍റെ തീവ്രത, വ്യാപന ശേഷി, മരണനിരക്ക് എന്നിവ തിരിച്ചറിയാൻ ഇത് നിര്‍ണായകമാണെന്നും ഡോ. ഭാർഗവ പറഞ്ഞു. ഇത് അനുസരിച്ച് മരുന്നുകളുടെ കോമ്പിനേഷനുകളില്‍ മാറ്റം വരുത്തി പരിഷ്‌കരിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
also read: കുട്ടികള്‍ക്കുള്ള വാക്‌സിൻ; അന്തിമ തീരുമാനമായിട്ടില്ലെന്ന് ഐസിഎംആർ
കൊവിഡിന്‍റെ വിവിധ വകഭേദങ്ങളിൽ ഇന്ത്യൻ വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് പരാമർശിച്ച ഡോ. ഭാർഗവ, രണ്ട് വാക്സിനുകളും (കോവാക്സിൻ, കോവിഷീൽഡ്) സാർസ്-കോവി -2 ന്റെ വകഭേദങ്ങൾക്കെതിരെ പ്രവർത്തിക്കുന്നുവെന്ന് പറഞ്ഞു. പുതിയ ഡെൽറ്റ പ്ലസ് വകഭേദത്തിൽ വാക്സിന്റെ ഫലപ്രാപ്തി പഠിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ആൽഫ (ബി .1.1.7), ബീറ്റ (ബി .1.351), ഗാമ (പി 1), ഡെൽറ്റ (ബി .1.1617.2) എന്നിവയുൾപ്പെടെയുള്ള നാല് വകഭേദങ്ങൾക്കെതിരെയും ഇരു ഇന്ത്യ വാക്സിനുകളും പ്രവർത്തിക്കുന്നുണ്ടെന്നും ഡോ. ഭാർഗവ പറഞ്ഞു.
ഡെല്‍റ്റ വകഭേദത്തിന് 15 മുതല്‍ 17 തവണ വരെ പരിണാമം സംഭവിച്ചിട്ടുണ്ടെന്ന് മഹാരാഷ്‌ട്രയില്‍ മാത്രം നടത്തിയ പഠനത്തില്‍ നിന്ന് വ്യക്തമാണ്. ഫെബ്രുവരിയിൽ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്ത 60 ശതമാനം കൊവിഡ് കേസുകളും ഡെൽറ്റ വകഭേദങ്ങൾ മൂലമാണെന്ന് കണ്ടെത്തി. പിന്നീട് ഇത് 80 രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഈ വകഭേദം വളരെ പെട്ടെന്ന് പകരുന്ന ഒന്നാണെന്നും വാക്സിനേഷന് ഒരു പരിധി വരെ രോഗത്തെ തടയാൻ സാധിക്കുന്നുണ്ടെന്നും ഡോ. ഭാർഗവ പറഞ്ഞു. നിലവിലെ ബി .1.617.2 പ്ലസ് അല്ലെങ്കിൽ ഡെൽറ്റ പ്ലസ് വകഭേദത്തിന് മൂന്ന് തവണ പരിവർത്തനം സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നം ഡോ. ഭാർഗവ കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ത്യയിലെ 90 ശതമാനം കൊവിഡ് കേസുകളും ഡെൽറ്റ (ബി .1.617.2) വകഭേദമാണെന്ന് നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (എൻസിഡിസി) ഡയറക്ടർ ഡോ. സുർജിത് കുമാർ സിംഗ് പറഞ്ഞു. “2021 ജനുവരിക്ക് മുമ്പ് ഡെൽറ്റ വകഭേദത്തിന്‍റെ സാന്നിധ്യം 40 ശതമാനമായിരുന്നു, പിന്നീട് മെയ് മാസത്തിൽ ഇത് 90 ശതമാനമായി ഉയർന്നു. 2020 ഡിസംബർ വരെ ഒരു ജില്ലയില്‍ മാത്രം റിപ്പോർട്ട് ചെയ്‌ത ഡെൽറ്റ വകഭേദം മാർച്ചിൽ 52 ജില്ലകളിലും ജൂൺ ആയപ്പോഴേക്കും ഇന്ത്യയിലുടനീളമുള്ള 174 ജില്ലകളിലും സ്ഥിരീകരിച്ചതായി ഡോ സിംഗ് അറിയിച്ചു.
also read: കൊവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല; മുന്നറിയിപ്പുമായി കേന്ദ്രം
ജനുവരി മുതൽ മാർച്ച് വരെ വൈറസ് ബാധ രാജ്യത്ത് പടരുന്നതിൽ ആൽഫ വകഭേദത്തിനും വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര, ഡല്‍ഹി, പഞ്ചാബ്, തെലങ്കാന, പശ്ചിമ ബംഗാൾ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഇക്കാലയളവില്‍ കൂടുതല്‍ രോഗികള്‍ റിപ്പോർട്ട് ചെയ്‌തത്. മഹാരാഷ്ട്രയ്ക്ക് ശേഷം ഡെൽറ്റ പ്ലസ് വകഭേദങ്ങൾ പ്രധാനമായും തമിഴ്‌നാട് (9 കേസുകൾ), മധ്യപ്രദേശ് (7 കേസുകൾ), കേരളം (3 കേസുകൾ), പഞ്ചാബ്, ഗുജറാത്ത് (2 കേസുകൾ വീതം), ആന്ധ്രാ പ്രദേശ്, ഒഡീഷ, രാജസ്ഥാൻ, ജമ്മു കശ്മീർ, കർണാടക ( ഒന്ന് വീതം) എന്നിവിടങ്ങളിലാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ആകെ 45,000 സാമ്പിളുകളാണ് പരിശോധിച്ചത്.