ബൊക്കാറോ: ജോലിതേടി സൗദി അറേബ്യയിലെത്തിയ 45 ഇന്ത്യക്കാർ അവിടെ കുടുങ്ങി. ജാർഖണ്ഡിൽ നിന്നുപോയ തൊഴിലാളികളാണ് തൊഴിലുടമ ശമ്പളം നൽകാതായതോടെ ദുരിതത്തിലായത്. ജാർഖണ്ഡിലെ ബൊക്കാറോ, ഹസാരിബാഗ്, ഗിരിദിഹ് ജില്ലകളിൽ നിന്നുള്ളവരാണ് തൊഴിലാളികൾ.
കഴിഞ്ഞ അഞ്ച് മാസമായി കമ്പനി തൊഴിലാളികൾക്ക് കൂലി നൽകുന്നില്ല. ഭക്ഷണത്തിനും കുടിവെള്ളത്തിനും ബുദ്ധിമുട്ട് നേരിടുകയാണ് ഇവർ. ഇതോടെ തങ്ങളുടെ ദുരവസ്ഥ വീഡിയോയായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങാൻ സർക്കാർ സഹായം അഭ്യർഥിക്കുകയും ചെയ്‌തു. ഇതോടൊപ്പം തങ്ങൾക്ക് കുടിശ്ശികയായ ശമ്പളം ലഭ്യമാക്കാനും ഇവർ സഹായം തടി.
കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി ഇടപെടൽ നടത്തുന്ന സാമൂഹ്യ പ്രവർത്തകനായ സിക്കന്ദർ അലി തൊഴിലാളികളെ സഹായിക്കാൻ കേന്ദ്ര സർക്കാരിനോടും ജാർഖണ്ഡിലെ സംസ്ഥാന സർക്കാരിനോടും അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് രൂക്ഷമായ തൊഴിലില്ലായ്‌മ കാരണം ജാർഖണ്ഡിൽ നിന്ന് വിദേശത്തെത്തി കുടുങ്ങുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിപ്പ്; വ്യത്യസ്‌ത കേസുകളിൽ ഇടുക്കിയിൽ രണ്ട് പേർ പിടിയിൽ
ഗത്യന്തരമില്ലാതെ ഉപജീവനമാർഗം തേടി ആളുകൾ വിദേശത്തേക്ക് പോകുന്നു, അവിടെ അവർക്ക് പീഡനം നേരിടേണ്ടിവരും. ഇത്തരമൊരു സാഹചര്യത്തിൽ വളരെ പ്രയാസപ്പെട്ടാണ് തൊഴിലാളികൾക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കഴിയുന്നത്. തൊഴിലാളികളുടെ കുടിയേറ്റം തടയാൻ സർക്കാർ തൊഴിൽ സംവിധാനങ്ങൾ ഒരുക്കണമെന്നും സിക്കന്ദർ അലി ആവശ്യപ്പെട്ടു.