ബെംഗളൂരു : സ്‌പായുടെ മറവില്‍ പെണ്‍വാണിഭം നടത്തിയിരുന്ന കെട്ടിടത്തില്‍ പൊലീസ് നടത്തിയ റെയ്‌ഡില്‍ 44 സ്‌ത്രീകളെ രക്ഷപ്പെടുത്തി (44 women rescued from prostitution racket in Bengaluru). ബെംഗളൂരു മഹാദേവപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. റെയ്‌ഡില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും ഉള്ള സ്‌ത്രീകളെയാണ് രക്ഷപ്പെടുത്തിയത് (prostitution racket in Bengaluru).
സംഭവത്തില്‍ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്‌തതായും പൊലീസ് വ്യക്തമാക്കി. കൂടാതെ 34 പേരെ കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുണ്ട്. സിസിബി വനിത സംരക്ഷണ വിഭാഗം ശനിയാഴ്‌ച (ജനുവരി 6) മണിക്കൂറുകള്‍ നീണ്ട പരിശോധയാണ് കെട്ടിടത്തില്‍ നടത്തിയത്. പരിശോധനയിലാണ് സ്‌പായുടെ മറവില്‍ പെണ്‍വാണിഭം നടക്കുന്നതായും നിരവധി സ്‌ത്രീകള്‍ അകപ്പെട്ടതായും വ്യക്തമായത് എന്ന് പൊലീസ് പറഞ്ഞു.
മഹാദേവപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്ള ഒരു ബഹുനില കെട്ടിടത്തിന്‍റെ ഒന്നാമത്തെയും ആറാമത്തെയും നിലകളില്‍ അനില്‍ എന്ന വ്യക്തിയാണ് സ്‌പാ നടത്തിയിരുന്നത്. സ്‌പായുടെ മറവില്‍ നിരവധി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അനില്‍ ആണ് നിലവില്‍ അറസ്റ്റിലായത്. ഇതര സംസ്ഥാനത്ത് നിന്നെത്തിയാണ് ഇയാള്‍ ബെംഗളൂരുവില്‍ സ്‌പാ നടത്തിയിരുന്നത്.