മുംബൈ: പത്താം ക്ലാസ് പരീക്ഷ ഒരുമിച്ച് എഴുതി അച്ഛനും മകനും. പരീക്ഷ ഫലം വന്നപ്പോള്‍ അച്ഛന്‍ ജയിച്ചെങ്കിലും മകന്‍ പരാജയപ്പെട്ടു. മഹാരാഷ്‌ട്രയിലെ പൂനെയിലാണ് കൗതുക സംഭവം.
ജീവിത സാഹചര്യം മൂലം ഏഴാം ക്ലാസില്‍ പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന പൂനെ സ്വദേശി ഭാസ്‌കർ വാഗ്‌മരെയാണ് 30 വര്‍ഷങ്ങള്‍ക്ക് ശേഷം മഹാരാഷ്‌ട്ര സ്റ്റേറ്റ് ബോർഡ് ഓഫ് സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ നടത്തുന്ന പത്താം ക്ലാസ് പരീക്ഷ എഴുതി വിജയിച്ചത്. മകന്‍ സാഹിലിന് ഒപ്പമാണ് ഭാസ്‌കര്‍ പരീക്ഷയെഴുതിയത്. എന്നാല്‍ സാഹില്‍ രണ്ട് വിഷയങ്ങളില്‍ പരാജയപ്പെട്ടു.
'ഉയര്‍ന്ന വിദ്യാഭ്യാസം നേടണമെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നു, എന്നാല്‍ അന്നത്തെ ജീവിത സാഹചര്യം മൂലം അതിന് സാധിച്ചില്ല. ഈയിടെ, പഠനം പുനരാരംഭിക്കുന്നതിനെ കുറിച്ച് ആലോചിച്ചു. അങ്ങനെയാണ് പത്താം ക്ലാസ് പരീക്ഷ എഴുതാൻ തീരുമാനിക്കുന്നത്', ഭാസ്‌കര്‍ പറഞ്ഞു.
എല്ലാ ദിവസവും കൃത്യമായി പഠിക്കുകയും ജോലി കഴിഞ്ഞുള്ള സമയം പരീക്ഷയ്‌ക്കായി തയ്യാറെടുക്കുകയും ചെയ്‌താണ് ഭാസ്‌കര്‍ തന്‍റെ 30 വര്‍ഷത്തെ ആഗ്രഹം സഫലീകരിച്ചത്. പരീക്ഷ പാസായതിൽ സന്തോഷമുണ്ടെങ്കിലും മകൻ രണ്ട് വിഷയങ്ങളില്‍ പരാജയപ്പെട്ടതിൽ ദുഃഖമുണ്ടെന്നും, എന്നാല്‍ സപ്ലിമെന്‍ററി പരീക്ഷയില്‍ മകന്‍ പാസാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാസ്‌കര്‍ പറഞ്ഞു. പരാജയപ്പെട്ടെങ്കിലും അച്ഛന്‍റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് നടന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു മകന്‍ സാഹിലിന്‍റെ പ്രതികരണം.