ഹൈദരാബാദ്: തെലങ്കാനയിലെ ഒരു സ്‌കൂളില്‍ വിദ്യാർഥികളും അധ്യാപകരും ഉള്‍പ്പെടെ 43 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സങ്കറെഡ്ഡി മുത്തങ്കിയിലുള്ള മഹാത്മ ജ്യോതി ഫൂലെ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ 42 വിദ്യാര്‍ഥികള്‍ക്കും ഒരു ടീച്ചര്‍ക്കുമാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്.
ഞായറാഴ്‌ച 261 വിദ്യാര്‍ഥികള്‍ക്കും 27 ജീവനക്കാര്‍ക്കും കൊവിഡ് പരിശോധന നടത്തിയതില്‍ 43 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കൊവിഡ് ബാധിച്ച വിദ്യാര്‍ഥികളെ ഹോസ്‌റ്റലില്‍ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഖമ്മാം ജില്ലയിലെ വയ്‌റയിലുള്ള സ്‌കൂളിലും കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. 27 വിദ്യാര്‍ഥികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു വിദ്യാർഥിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൂടുതല്‍ പേരില്‍ രോഗം കണ്ടെത്തുകയായിരുന്നു.
സംസ്ഥാനത്തെ കൊവിഡ് നിരക്ക് കുറഞ്ഞതിനെ തുടർന്ന് നവംബര്‍ 1 മുതലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നത്.