മംഗളൂരു: കേരളത്തിൽ നിന്നുള്ള 49 നഴ്‌സിങ് വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉല്ലാലിലെ ആലിയ നഴ്‌സിങ് ഇൻസ്റ്റിറ്റ്യൂട്ട് അടച്ചു. വിദ്യാര്‍ഥികളും സ്റ്റാഫും അടക്കം ആകെ 104 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ 11 ആൺകുട്ടികളടക്കം 49 ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ഥികളുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. നാല് പേരുടെ പരിശോധനാഫലം വരാനുണ്ട്.
മുനിസിപ്പൽ കൗൺസിൽ ഉദ്യോഗസ്ഥരുടെ സംഘം കോളജ് സന്ദർശിക്കുകയും മേഖലയെ കണ്ടെയ്‌ൻമെന്‍റ് സോണാക്കിയ പ്രഖ്യാപിക്കുകയും ചെയ്‌തു. ഫെബ്രുവരി 19 വരെ ആരും ഇവിടെ നിന്ന് പുറത്തുപോവുകയോ, ഇവിടേക്ക് ആരെയും പ്രവേശിപ്പിക്കുകയോ ചെയ്യരുതെന്ന് അധികൃതര്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വേണ്ട നടപടികള്‍ കൃത്യമായി എടുക്കുമെന്നും മുനിസിപ്പല്‍ കൗണ്‍സിലര്‍ അറിയിച്ചു. സംസ്ഥാനത്തിന് പുറത്തുനിന്നും എത്തുന്ന വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.