സെക്രട്ടറി ലെവല്‍ തസ്‌തികകളിൽ 40 ഐഎഎസ് ഉദ്യോഗസ്ഥർക്ക് എംപാനല്‍ നിയമനം - ന്യൂഡൽഹി
ഉദ്യോഗസ്ഥരുടെ നിയമനത്തിന് മന്ത്രിസഭ നിയമന സമിതി (എസിസി) അംഗീകാരം നൽകി. 1988 ബാച്ചിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
ന്യൂഡൽഹി: സെക്രട്ടറി ലെവൽ തസ്‌തികകളിൽ 40 ഐഎഎസ് ഉദ്യോഗസ്ഥരുടെ എംപാനല്‍ നിയമനത്തിന് കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരം. ഇവരിൽ 26 ഉദ്യോഗസ്ഥരെ സെക്രട്ടറി ലെവൽ തസ്‌തികകളിലേക്കും 14 ഉദ്യോഗസ്ഥരെ മറ്റ് തുല്യ ലെവൽ തസ്‌തികകളിലുമാണ് നിയമിച്ചത്. ഉദ്യോഗസ്ഥരുടെ നിയമനത്തിന് മന്ത്രിസഭ നിയമന സമിതി (എസിസി) അംഗീകാരം നൽകി.
1988 ബാച്ചിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാഷിങ്ടണിലെ ലോക ബാങ്ക് എക്‌സിക്യൂട്ടിവ് ഡയറക്‌ടറായി നിയമിതനായ ഹരിയാന കേഡറിലെ ഖുല്ലറാണ് പട്ടികയിൽ ഒന്നാമത്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു ഖുള്ളർ. ജമ്മു കശ്‌മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മേൽനോട്ടം വഹിച്ച ആഭ്യന്തര മന്ത്രാലയ അഡിഷണൽ സെക്രട്ടറി ഗ്യാനേഷ് കുമാറും പട്ടികയിൽ ഉൾപ്പെടുന്നു. 1988 ബാച്ചിൽ നിന്നും ഇ.വി രമണ റെഡിയെ കർണാടക മുഖ്യമന്ത്രിയുടെ അഡിഷണൽ ചീഫ് സെക്രട്ടറിയായും ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്നോളജി, ബയോടെക്നോളജി, സയൻസ് ആന്‍ഡ് ടെക്നോളജി വകുപ്പിലെ സർക്കാരിൻ്റെ അഡീഷണൽ ചീഫ് സെക്രട്ടറിയായും നിയമിച്ചു.
1989 ബാച്ചിൽ നിന്ന് സമീർ കുമാർ ഖാരെ ഏഷ്യൻ ഡെവലപ്‌മെൻ്റ് ബാങ്ക് (എഡിബി) എക്‌സിക്യൂട്ടീവ് ഡയറക്‌ടറായി നിയമിച്ചു. തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ പ്രൊവിഡൻ്റ് ഫണ്ട് കമ്മിഷണറാണ് സുനിൽ ബാർത്വാൽ. 1989 ബാച്ചിൽ നിന്ന് അമിതാഭ് ജെയിൻ നിലവിൽ ഛത്തീസ്‌ഗഢ് ചീഫ് സെക്രട്ടറിയാണ്. ശ്രീനിവാസ് ഡിഒപിടി അഡിഷണൽ സെക്രട്ടറിയാണ്. 1989 ബാച്ചിലെ ഗുജറാത്ത് കേഡറിലെ പങ്കജ് ജോഷി ഗുജറാത്ത് സർക്കാരിൻ്റെ ധനകാര്യ വകുപ്പിലെ അഡിഷണൽ ചീഫ് സെക്രട്ടറിയാണ്. അരുൺ കുമാർ, വിവേക് ജോഷി, കെ. രഞ്ജൻ, ദേവേഷ് ചതുർവേദി, സഞ്ജയ് ആർ ഭൂശ് റെഡി, ശശി പ്രകാശ് ഗോയൽ, എസ് കിഷോർ എന്നിവർക്കും നിയമനം നൽകി.