യാദ്‌ഗിര്‍ (കര്‍ണാടക): ഭാര്യ വിവാഹമോചനം നല്‍കുന്നില്ലെന്ന് ആരോപിച്ച് ഭാര്യയുടെ ബന്ധുക്കളെ ഭര്‍ത്താവ് തീ കൊളുത്തി. കര്‍ണാടകയിലെ യാദ്‌ഗിര്‍ ജില്ലയിലെ കൊടഗലിന് സമീപം നാരായണ്‍പുര എന്ന പ്രദേശത്താണ് സംഭവം. സിദ്ദരാമപ്പ മുരാള്‍ (65), മുട്ടപ്പ മുരാള്‍ (40), ശരമണപ്പ സരുരു (65), നാഗപ്പ ഹഗരഗുണ്ട (35) എന്നിവരാണ് മരിച്ചത്.
ബുധനാഴ്‌ച പ്രശ്‌ന പരിഹാരത്തിന് നാരായണ്‍പുരയിലുള്ള തന്‍റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി ശരണപ്പയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശരണപ്പ അഞ്ച് ലിറ്റര്‍ പെട്രോള്‍ നേരത്തെ വാങ്ങി സൂക്ഷിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വിളിച്ചുവരുത്തിയത് പ്രശ്‌ന പരിഹാരത്തിന്: 16 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ശരണപ്പയും ഹുലിഗെമ്മയും വിവാഹിതരാകുന്നത്. ലിംഗസുഗുര്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ മെക്കാനിക്കായി ജോലി ചെയ്യുന്ന ഹുളിഗെമ്മ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒന്നേകാല്‍ വര്‍ഷം മുന്‍പ് മറ്റൊരിടത്തേക്ക് താമസം മാറി. വിവാഹമോചനത്തിന് ശരണപ്പ ആവശ്യപ്പെട്ടെങ്കിലും ഹുളിഗെമ്മ തയ്യാറായില്ല.
സംഭവ ദിവസം പ്രശ്‌ന പരിഹാരത്തിനായി ശരണപ്പ ഭാര്യ പിതാവായ സിദ്ദരാമപ്പ മുരാള്‍, ഭാര്യ സഹോദരന്‍ മുട്ടപ്പ മുരാള്‍ ഉള്‍പ്പെടെ നാല് പേരെ നാരായണ്‍പുരയിലുള്ള തന്‍റെ വീട്ടിലേക്ക് വിളിച്ചുവരുത്തി. സംസാരത്തിനിടെ വാക്കേറ്റമുണ്ടാകുകയും നാല് പേരുടേയും ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു. രക്ഷപ്പെടാതിരിക്കാന്‍ വീട് പുറത്ത് നിന്ന് പൂട്ടി.
നിലവിളി ശബ്‌ദം കേട്ട അയല്‍വാസികള്‍ വന്ന് വാതില്‍ പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഗുരുതരമായി പൊള്ളലേറ്റ നാല് പേരെയും ഉടന്‍ റായ്‌ചുര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചുവെങ്കിലും ശരണപ്പയും നാഗപ്പയും ബുധനാഴ്‌ച തന്നെ മരണപ്പെട്ടു. 80 ശതമാനം പൊള്ളലേറ്റ സിദ്ദരാമപ്പയും മുട്ടപ്പയും വ്യാഴാഴ്‌ച ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാരായണ്‍പുര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.