ബാംഗ്ലൂര്‍: കർണാടകയിലെ ചാമരാജനഗറിൽ ഓക്‌സിജന്‍റെ കുറവ് മൂലം 24 കൊവിഡ് രോഗികൾ മരിച്ചതിന് പിന്നാലെ, കല്‍ബുര്‍ഗി ജില്ലയിലെ അഫ്‌സാൽപൂർ താലൂക്കിൽ വെന്‍റിലേറ്ററിലായിരുന്ന നാല് കൊവിഡ് രോഗികൾ ചൊവ്വാഴ്ച പുലർച്ചെ മരിച്ചു. മരണപ്പെട്ടവരെല്ലാം 70 വയസിന് മുകളിലുള്ളവരാണെന്നും, ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാത്തതാണ് മരണകാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ മരിച്ച നാല് രോഗികൾക്കും കോമോർബിഡിറ്റികളുണ്ടെന്നും, രോഗം മൂര്‍ച്ഛിച്ചതിനാലാണ് മരണപ്പെട്ടതെന്നും ഓഫീസ് അധികൃതർ പറഞ്ഞു. ഒപ്പം ഓക്സിജന്‍ വാങ്ങുന്നതില്‍ കാലതാമസം നേരിട്ടതായും അധികൃതര്‍ സമ്മതിച്ചു.
Also Read: കര്‍ണാടകയിലെ കൊവിഡ് ആശുപത്രിയില്‍ 24 രോഗികൾ മരിച്ചു
അതേസമയം, കൽബർഗിയിലെ അഫ്‌സൽപുര ആശുപത്രിയിൽ ഓക്സിജന്‍റെ അഭാവം മൂലം 4 പേർ മരിച്ചതായി ചില മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചതായും ഉടൻ തന്നെ ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തതായി ഡെപ്യൂട്ടി കമ്മീഷണര്‍ വിവി ജ്യോത്സ്ന ഇടിവി ഭാരതിനോട് പറഞ്ഞു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരണപ്പെട്ടത്. എന്നാല്‍ ഇവര്‍ ഓക്സിജന്‍റെ അഭാവം മൂലമല്ല മരണപ്പെട്ടതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. എല്ലാ ദിവസവും ഓക്സിജന്‍ ശേഖരിക്കാറുണ്ടെന്നും, ഇതുവരെ ആശുപത്രിയില്‍ ആരും ഓക്സിജന്‍ ലഭിക്കാതെ മരണപ്പെട്ടിട്ടില്ലെന്നും ജ്യോത്സന കൂട്ടിച്ചേര്‍ത്തു. സംസ്ഥാന തലസ്ഥാനം ഉൾപ്പെടെ കർണാടകയുടെ പല ഭാഗങ്ങളിലും ഓക്സിജൻ പ്രതിസന്ധി രൂക്ഷമാണ്.