ശ്രീനഗര്‍ : ജമ്മു കശ്‌മീരിലെ റംബാന്‍ ജില്ലയില്‍ ഖൂനി നല്ലയ്ക്ക് സമീപം ഖോനില്ല ടണല്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ 4 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ അപകട സ്ഥലത്ത് നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 7 ആയി. തുരങ്കത്തിനകത്ത് കുടുങ്ങിയവരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്‌ച പുറത്തെത്തിച്ചിരുന്നു.
വ്യാഴാഴ്‌ച രാത്രി 10.15 ഓടെയാണ് റംബാന്‍ ജില്ലയില്‍ ഖൂനി നല്ലയ്ക്ക് സമീപം ജമ്മു- ശ്രീനഗര്‍ ദേശീയ പാതയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തിന്‍റെ ഒരു ഭാഗം തകര്‍ന്നുവീണത്. തുരങ്കത്തിന്‍റെ 40 മീറ്റര്‍ ഉള്ളിലാണ് അപകടം സംഭവിച്ചിരുന്നത്. എന്നാല്‍ മേഖലയിലെ കനത്ത മഴ കാരണം വെള്ളിയാഴ്‌ച രക്ഷാപ്രവര്‍ത്തനം നടത്താനായിരുന്നില്ല.
തുടര്‍ന്ന് ശനിയാഴ്‌ച പുലര്‍ച്ചയാണ് വീണ്ടും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. മൂന്ന് മണ്ണുമാന്തി യന്ത്രങ്ങളും , മൂന്ന് സ്റ്റോണ്‍ ബ്രേക്ക് മെഷീനുകളും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം. സുരക്ഷാസേന, എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, ക്യുആർടി എന്നീ സംഘങ്ങള്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
also read: ജമ്മു കശ്‌മീരിലെ തുരങ്ക പാത അപകടം; ഒരു തൊഴിലാളികൂടി മരിച്ചു
അതേസമയം തുരങ്കത്തിനകത്ത് ഇനിയും കുടുങ്ങി കിടക്കുന്നവരില്‍ ജീവന്‍ ശേഷിക്കാനുള്ള സാധ്യത തീരെ കുറവെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ വിലയിരുത്തല്‍.