ന്യൂഡൽഹി: നിലവിൽ രാജ്യത്ത് 3816 റെയിൽവേ കോച്ചുകൾ കൊവിഡ് കെയർ കോച്ചുകളായി ഉപയോഗിക്കാൻ സജ്ജമാണെന്നും സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെടുന്നത് പ്രകാരം വിട്ടുനൽകുമെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു. 21 കോച്ചുകളെ മഹാരാഷ്ട്രയിലെ നന്ദൂർബാർ ജില്ലയിൽ വിന്യസിച്ചിട്ടുണ്ടെന്നും അതിൽ 47 കൊവിഡ് രോഗികൾ ചികിത്സയിലുണ്ടെന്നും റയിൽവേ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കൂടാതെ 50 കോച്ചുകൾ ഷക്കൂർ ബസ്തിയിലും 25 കോച്ചുകൾ ആനന്ദ് വിഹാറിലും, വാരണാസി, ഭാദോഹി, ഫൈസാബാദ് എന്നിവിടങ്ങളിൽ 10 കോച്ചുകൾ വീതവും വിട്ടുനൽകിയിട്ടുണ്ടെന്ന് ഇന്ത്യൻ റയിൽവേ പറയുന്നു.
5601 ട്രെയിൻ കോച്ചുകളെ കൊവിഡ് കെയർ സെന്‍ററുകളായി പരിവർത്തനം ചെയ്തിട്ടുണ്ടെന്നും 3816 കോച്ചുകൾ നിലവിൽ ഉപയോഗസജ്ജമാണെന്നും ആരോഗ്യ മന്ത്രാലയത്തിന്‍റെ മാർഗനിർദ്ദേശം അനുസരിച്ച് ഉപയോഗിക്കാമെന്നും റയിൽവേ മന്ത്രാലയം അറിയിച്ചു. ഭോപ്പാൽ, ഹബീബ് ഗഞ്ച് റയിൽവേ സ്റ്റേഷനുകളിൽ 20 വീതം കൊവിഡ് കെയർ കോച്ചുകൾ വിട്ടുനൽകണമെന്ന് മധ്യപ്രദേശ് സർക്കാർ അഭ്യർഥിച്ചിട്ടുണ്ടെന്നും ഏപ്രിൽ 25ന് ഇവ സംസ്ഥാന സർക്കാരിന് കൈമാറുമെന്നും റയിൽവേ മന്ത്രാലയം പറയുന്നു.