ജയ്പൂര്‍: രാജ്യത്ത് കൊവിഡ് വാക്സിനുകള്‍ക്ക് ക്ഷാമം നേരിടുന്നതിനിടെ രാജസ്ഥാനിലെ ആശുപത്രിയില്‍ നിന്നും 320 വാക്സിനുകള്‍ കാണാതായി. ജയ്പൂര്‍ ശാസ്ത്രി നഗറിലെ കൻവതിയ ആശുപത്രിയിലാണ് സംഭവം. ചീഫ് മെഡിക്കൽ ഓഫീസർ നരോട്ടം ശർമയുടെ പറയുന്നതനുസരിച്ച് കൊവാക്സിനിന്‍റെ 10 കുപ്പികളാണ് കോൾഡ് സ്റ്റോറേജിൽ നിന്ന് കാണാതായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതര്‍ ശാസ്ത്രി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പ്രദേശത്തെ വിവിധ ആശുപത്രികളിലേക്ക് വാക്സിൻ വിതരണം ചെയ്യുന്നതിന്‍റെ ഉത്തരവാദിത്തം കൻവതിയ ആശുപത്രിക്കാണ്.
കഴിഞ്ഞ ദിവസം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് 30 ലക്ഷം കൊവിഡ് വാക്സിന്‍ ഡോസുകള്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ മോദിക്ക് കത്തയച്ചിരുന്നു. പ്രതിദിനം 5 ലക്ഷം പ്രതിരോധകുത്തിവയ്പ്പ് നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും, എന്നാല്‍ നിലവിലുള്ള സ്റ്റോക്ക് പ്രകാരം രണ്ട് ദിവസത്തേക്ക് മാത്രമേ തികയുകയുള്ളു എന്ന് അദ്ദേഹം പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.
അതേസമയം രാജസ്ഥാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5,528 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 28 പേരാണ് ഒറ്റ ദിവസം മരണപ്പെട്ടത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,75,092ഉം ആകെ മരണം 2,979ഉം ആയി. 3,31,423 രോഗികളാണ് ഇതുവരെ സംസ്ഥാനത്ത് രോഗമുക്തി നേടിയിരിക്കുന്നത്. 40,690 സജീവ കേസുകളും നിലവിലുണ്ട്.