ഹൈദരാബാദ്: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ശവശരീരങ്ങൾ തള്ളാനുള്ള ഇടമായി ഗംഗ നദി മാറിയെന്ന് നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ ഉദ്യോഗസ്ഥർ രചിച്ച പുസ്‌തകം പ്രതിപാദിക്കുന്നു. നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗയുടെ ഡയറക്‌ടർ ജനറൽ രാജീവ് രഞ്ജൻ മിശ്ര, ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്‌സ് സർവീസിലെ ഉദ്യോഗസ്ഥൻ പുസ്‌കൽ ഉപാധ്യായ എന്നിവർ ചേർന്ന് എഴുതിയ 'ഗംഗ: റീഇമാജിനിങ്, റെജുവനേറ്റിങ്, റീകണക്‌ടിങ്' എന്ന ബുക്കിലാണ് ഈ വർഷം 300ഓളം ശവശരീരങ്ങൾ ഒഴുക്കിയതിലൂടെ അവശിഷ്‌ടങ്ങൾ തള്ളാനുള്ള ഇടമായി ഗംഗ മാറിയെന്ന് പ്രതിപാദിച്ചിരിക്കുന്നത്.
'ഫ്ലോട്ടിങ് കോർപ്‌സസ്: എ റിവർ ഡിഫൈൽഡ്' എന്ന അധ്യായത്തിൽ കൊവിഡ് രണ്ടാം തരംഗത്തിലെ ഉത്തർപ്രദേശിലെയും ബിഹാറിലെയും നടുക്കുന്ന അവസ്ഥകൾ വിവരിച്ചിരിക്കുന്നത്. നദിയിൽ മൃതദേഹങ്ങൾ വലിച്ചെറിയാൻ ആളുകളെ പ്രേരിപ്പിച്ച അവസ്ഥയും ഇരു സംസ്ഥാനങ്ങളിലെയും ശ്‌മശാനങ്ങൾ രണ്ടാം തരംഗ സമയത്ത് മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞ അവസ്ഥയും പുസ്‌തകം പകർത്തുന്നു. യുപിയിലും ബിഹാറിലും ഗംഗാതീരത്തെ ശ്‌മശാനങ്ങളിൽ മൃതദേഹങ്ങൾ സംസ്‌കരിക്കാനുള്ള ചെലവ് താങ്ങാനാകാതെയാണ് ദരിദ്ര ജനങ്ങൾ മൃതദേഹങ്ങൾ നദിയിലേക്ക് വലിച്ചെറിഞ്ഞതെന്ന് പുസ്‌തകത്തിൽ പറയുന്നു.
ഉത്തർപ്രദേശിലെ കനൗജ് മുതൽ ബാലിയ വരെയാണ് ഗംഗയിൽ ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടത്. ബിഹാറിൽ ഗംഗയിൽ കണ്ട മൃതദേഹങ്ങൾ ഉത്തർപ്രദേശിൽ നിന്നും ഒഴുകിവന്നതാണെന്നും പുസ്‌തകം അവകാശപ്പെടുന്നു. കൊവിഡിൽ സമ്പാദ്യം മുഴുവൻ ചികിത്സക്കായി ഉപയോഗിച്ചതു കൊണ്ടും പകർച്ച വ്യാധി സമയത്ത് മൃതദേഹം എങ്ങനെ സംസ്‌കരിക്കണമെന്ന് അറിയാത്തതുകൊണ്ടുമാണ് പലരും മൃതദേഹങ്ങൾ ഗംഗയിൽ ഒഴുക്കിയതെന്ന് പുസ്‌തകത്തിൽ പറയുന്നു.
കൊവിഡ് ബാധിച്ച് ആശുപത്രിയിലായിരിക്കുമ്പോഴാണ് ഗംഗ നദിയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്ന വാർത്ത പുസ്‌തകത്തിന്‍റെ രചയിതാക്കളിലൊരാളായ രാജീവ് രഞ്ജൻ മിശ്ര അറിയുന്നത്. കൊവിഡ് ഭേദമായി ആശുപത്രി വിട്ടതിന് ശേഷം വിഷയത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളാനും കണ്ടെത്തലുകൾ എത്രയും വേഗം സമർപ്പിക്കാനും 59 ജില്ല ഗംഗ കമ്മിറ്റികൾക്കും ഗംഗാനദിയുടെ തീരത്തുള്ള ജില്ലകളിലെ മജിസ്‌ട്രേറ്റുകൾക്കും പഞ്ചായത്ത് ഭാരവാഹികൾക്കും അദ്ദേഹം നിർദ്ദേശം നൽകി.