ഗുഷ് (മധ്യപ്രദേശ്) : കൊവിഡിന്‍റെ രണ്ടാം തരംഗത്തിനിടെ സ്വകാര്യ ആശുപത്രി മരിച്ചെന്നും സംസ്‌കരിച്ചെന്നും അറിയിച്ച പേരുകാരന്‍ 2 വർഷത്തിന് ശേഷം വീട്ടിൽ തിരികെയെത്തി. മധ്യപ്രദേശിലെ ധറിൽ ശനിയാഴ്‌ചയാണ് സംഭവം. ധറിലെ കഡോദ്‌കല നിവാസിയായ 30 കാരനായ കമലേഷ് പതിദാര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് ആശുപത്രി രേഖകളിലുള്ളത്.
2021 ൽ, കൊവിഡിന്‍റെ രണ്ടാം തരംഗം തുടരുമ്പോൾ, ധറിലെ കഡോദ്‌കല നിവാസിയായ 30 കാരനായ കമലേഷ് പതിദാറിനെയും വൈറസ് ബാധിച്ചിരുന്നു. ഇതോടെ കമലേഷിനെ ബറോഡയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. എന്നാല്‍ ഏതാനും ദിവസത്തെ ചികിത്സയ്ക്ക് ശേഷം, ശ്വാസകോശത്തിൽ അണുബാധ പടർന്നതിനെ തുടർന്ന് കമലേഷ് മരിച്ചെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു.
കൊവിഡ് ഉഛസ്ഥായിയിലായിരുന്ന ഈ സമയത്ത് കമലേഷിന്‍റെ മൃതദേഹം കാണാൻ വീട്ടുകാരെ അനുവദിച്ചിരുന്നില്ല. കമലേഷിന്‍റെ മൃതദേഹം 25 അടി അകലെ നിന്ന് കുടുംബാംഗങ്ങളെ കാണിച്ച് ആശുപത്രി അധികൃതർ അന്ത്യകർമങ്ങൾ നടത്തി. മൃതദേഹം തിരിച്ചറിയാനോ സ്ഥിരീകരിക്കാനോ കഴിഞ്ഞിരുന്നില്ല.
കമലേഷ് മരിച്ചുവെന്നാണ് കുടുംബാംഗങ്ങൾ വിശ്വസിച്ചിരുന്നത്. കുടുംബം കമലേഷിന്‍റെ ആത്മശാന്തിക്കായി അന്ത്യകർമ്മങ്ങൾ നടത്തുകയും ഭാര്യ വിധവയായി ജീവിക്കുകയുമായിരുന്നു. എന്നാൽ ഏപ്രിൽ 15 ശനിയാഴ്‌ച കമലേഷ് തന്‍റെ അമ്മാവൻ താമസിക്കുന്ന ധറിലെ സർദാർപൂർ തഹസിൽ ബദ്‌വേലി ഗ്രാമത്തിലെത്തിയതോടൊണ് കാര്യങ്ങൾ അടിമുടി മാറുന്നത്.
കമലേഷിന് സംഭവിച്ചത് എന്ത് : കമലേഷിനെ ആദ്യം കണ്ടത് അമ്മാവൻ ആയിരുന്നു. അമ്മാവൻ കമലേഷിന്‍റെ പിതാവിനെ വിളിച്ച് മടങ്ങിയെത്തിയ വിവരം പറഞ്ഞെങ്കിലും വീട്ടുകാർ വിശ്വസിച്ചില്ല. തുടർന്ന് കമലേഷിന്‍റെ മാതാപിതാക്കളും ഭാര്യയും വീഡിയോ കോളിലൂടെ ഇയാളുമായി സംസാരിച്ചു. പിന്നീട് അവർ കമലേഷിനെ കൂട്ടിക്കൊണ്ടുപോകാൻ സർദാർപൂരില്‍ എത്തുകയായിരുന്നു.
ഏഴുപേർ തന്നെ കൂട്ടിക്കൊണ്ടു പോയി ഗുജറാത്തിലെ അഹമ്മദാബാദിൽ ബന്ദിയാക്കിയെന്നാണ് കമലേഷ് ബന്ധുക്കളോട് പറഞ്ഞത്. അവർ തനിക്ക് മയക്കുമരുന്ന് കുത്തിവയ്ക്കാറുണ്ടായിരുന്നു, അതിനാൽ എല്ലായ്‌പ്പോഴും അബോധാവസ്ഥയിലായിരുന്നുവെന്നുമാണ് ബന്ധുക്കളെ കമലേഷ് അറിയിച്ചത്. വെള്ളിയാഴ്‌ച സംഘം അഹമ്മദാബാദിൽ നിന്ന് കാറിൽ മറ്റെവിടേക്കോ യാത്രതിരിക്കവെ താന്‍ ഡിക്കിയില്‍ ഒളിച്ചു. അവർ പ്രഭാതഭക്ഷണത്തിനായി ഹോട്ടലിൽ നിർത്തിയപ്പോൾ കാറിൽ നിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നുവെന്നും അഹമ്മദാബാദിൽ നിന്ന് ഇൻഡോറിലേക്ക് ബസില്‍ എത്തുകയായിരുന്നുവെന്നും കമലേഷ് പറയുന്നു.
അവിടെ നിന്ന് ബസിൽ ധാർ ബദ്‌വേലിയിലുള്ള അമ്മാവന്‍റെ വീട്ടിൽ എത്തി. കമലേഷിനെ കണ്ടതിന് ശേഷം ബന്ധുക്കൾ സർദാർപൂർ പൊലീസ് സ്‌റ്റേഷനിൽ വിവരമറിയിച്ചു. സർദാർപൂർ പൊലീസ് ഇയാളുടെ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്‌തു. കമലേഷിനെ തുടർ നടപടികൾക്കായി കൺവൻ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും. ഇനി കമലേഷ് മരിച്ചെന്ന് പരാമര്‍ശിക്കുന്ന സർക്കാർ രേഖകൾ തിരുത്തേണ്ടതുണ്ട്. മരിച്ചെന്ന് കരുതിയ കമലേഷിന്‍റെ മടങ്ങി വരവോടെ കുടുംബം ഏറെ ആഹ്ളാദത്തിലാണ്. ഇതിന്‍റെ ഭാഗമായി കുടുംബത്തില്‍ പ്രത്യേക പ്രാര്‍ഥനകളും ആഘോഷങ്ങളും നടന്നു. അതേസമയം നഷ്ടപ്പെടുമെന്ന് കരുതിയ ജീവന്‍ തിരിച്ചുകിട്ടിയതിന്‍റെ സന്തോഷത്തിലാണ് കമലേഷ്. എന്നാല്‍ ആരുടെ സംസ്കാരമാണ് നടത്തിയതെന്ന കാര്യത്തില്‍ അങ്കലാപ്പിലാണ് അധികൃതര്‍.