നുവാപാഡ : ഒഡിഷയിലെ നുവാപാഡ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു. ബേഡൻ ബ്ലോക്കിലെ പടധാര റിസർവ് ഫോറസ്റ്റിൽ സിആർപിഎഫ് ജവാന്മാർ ഒരു ക്യാമ്പിൽ നിന്ന് മറ്റൊരു ക്യാമ്പിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. മരിച്ചവരിൽ ഒരു കോൺസ്റ്റബിളും സിആർപിഎഫിലെ രണ്ട് അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്‌ടർ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.
സേനയുടെ നീക്കം സംബന്ധിച്ച് മാവോയിസ്റ്റുകൾക്ക് നേരത്തേതന്നെ വിവരം ലഭിച്ചിരുന്നുവെന്ന് സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. സംഭവം നടക്കുമ്പോൾ ഏഴ് ജവാൻമാർ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. പെട്ടെന്ന് അവർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഗ്രനേഡ് ലോഞ്ചറുകൾ ഉൾപ്പടെ ഉപയോഗിച്ചാണ് മാവോയിസ്റ്റ് സംഘം ആക്രമണം നടത്തിയതെന്ന് അധികൃതർ അറിയിച്ചു.
ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പ്രദേശത്ത് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്‍റെയും (എസ്ഒജി) സിആർപിഎഫിന്‍റെയും കൂടുതൽ സംഘങ്ങൾ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.