ലഖ്‌നൗ: രാം മന്ദിർ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ കുടുംബാംഗങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രവാസി യുവതി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകളും ഐടി നിയമങ്ങളും ഉൾപ്പെടെയുള്ള ഇന്ത്യൻ പീനൽ കോഡിലെ 15 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. റായിയുടെ സഹോദരൻ സഞ്ജയ് ബൻസാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
താനും കുടുംബാംഗങ്ങളും ചമ്പത് റായിയുടെ ജന്മനഗരമായ നാഗിനയിൽ സ്ഥലം കൈയ്യേറിയെന്ന് ആരോപിച്ച് മുൻ പത്രപ്രവർത്തകൻ വിനീത് നരേൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതായും രജനീഷ് എന്ന വ്യക്തിയും ഇന്തോനേഷ്യയിൽ നിന്ന് മടങ്ങിയെത്തിയ അൽക ലഹോട്ടിയും തന്റെ കുടുംബത്തെ അപകീർത്തിപ്പെടുത്താനും രാജ്യത്തെ ജനങ്ങളുടെ മതവികാരം വ്രണപ്പെടുത്താനുമായി നരേനുമായി ഗൂഢാലോചന നടത്തിയെന്നും ബൻസാൽ ആരോപിച്ചു.
റായിയുടെ കുടുംബാംഗങ്ങൾക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് മൂന്നുപേരും ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റുകൾ ഇടുകയും എന്നാൽ പ്രഥമദൃഷ്ട്യാ ആരോപണങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെടുകയും ചെയ്തുവെന്ന് ബിജ്നോർ എസ്പി ധരംവീർ സിങ് പറഞ്ഞു. എന്നിരുന്നാലും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read: കടയ്ക്കാവൂര്‍ പീഡനകേസിൽ അമ്മ നിരപരാധി; പരാതി വ്യാജമെന്ന് അന്വേഷണ സംഘം
ഐപിസി സെക്ഷൻ 153എ(മതത്തിന്‍റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള ശത്രുത വളർത്തുക), 293 (അശ്ലീലം പ്രചരിപ്പിക്കൽ), 295 എ (മത വികാരങ്ങളെ വ്രണപ്പെടുത്തൽ), 417 (വഞ്ചന), 419 (ആൾമാറാട്ടം), 448 (വീട്ടിൽ അതിക്രമിച്ച് കടക്കൽ), 465 (വ്യാജരേഖ ചമക്കൽ), 457 (വീട് കൈയ്യേറൽ), 469 (ഏതെങ്കിലും പാർട്ടിയുടെ പേര് കളങ്കപ്പെടുന്ന രീതിയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് വ്യാജ രേഖ ചമക്കൽ) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്.