ബാരാമുള്ള (ജമ്മു കശ്‌മീർ): 2019ൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ട ഫിറ്റ് ഇന്ത്യ മൂവ്മെന്‍റ് അംബാസഡറായി കശ്‌മീർ സ്വദേശിയായ തായ്ക്വോണ്ടോ ചാമ്പ്യൻ. ബാരാമുള്ളയിലെ ഗുൽഷൻ അബാദ് കോളനിയിലെ ഡാനിഷ് മൻസൂർ (25) ആണ് ഫിറ്റ് ഇന്ത്യ മൂവ്മെന്‍റ് അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ടത്.
2024ൽ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിനായി പരിശീലകനായ അതുൽ പംഗോത്രയുടെ കീഴിൽ പരിശീലനത്തിലാണ് ഡാനിഷ് ഇപ്പോൾ. മാനസികവും ശാരീരികവുമായ സ്ഥിരത കൈവരിക്കണമെങ്കിൽ യുവത ഏതെങ്കിലും കായിക ഇനത്തിൽ ഏർപ്പെടുന്നതിന് മുൻഗണന നൽകണമെന്ന് ഡാനിഷ് പറയുന്നു.
ഔറംഗബാദിലെ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നടന്ന ഏഷ്യൻ ഇൻഡോർ ഗെയിംസ് ട്രയൽസിൽ ജമ്മു കശ്‌മീരിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ആദ്യ വ്യക്തിയാണ് ഡാനിഷ്. 2020ൽ നടന്ന ആദ്യത്തെ ഇന്റർനാഷണൽ ഓൺലൈൻ യൂറോപ്യൻ തായ്‌ക്വോണ്ടോ പൂംസെ ചാമ്പ്യൻഷിപ്പിൽ ലോകത്തെ മികച്ച 20 കളിക്കാരിൽ ഒരാളായിരുന്നു ഡാനിഷ് മൻസൂർ. ആദ്യമായി ടീം ഇന്ത്യയ്ക്ക് വേണ്ടി ഡാനിഷ് കളിക്കുന്നത് 2-ാമത് ഇന്ത്യ ഓപ്പൺ ഇന്‍റർനാഷണൽ ഒളിമ്പിക് റാങ്കിങ് തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിലാണ്.
ലോകത്തെ ഒന്നാം നമ്പർ ഒളിമ്പിക് ലെവൽ കോച്ചായ ബ്രിട്ടനിൽ നിന്നുള്ള പോൾ ഗ്രീനിന്‍റെ കീഴിൽ ആദ്യത്തെ ഒളിമ്പിക് ലെവൽ ക്യാമ്പിൽ പങ്കെടുക്കാൻ ജമ്മു കശ്‌മീർ തായ്ക്വോണ്ടോ അസോസിയേഷൻ ഡാനിഷിനെ ശുപാർശ ചെയ്‌തിരുന്നു. വടക്കൻ കശ്മീരിൽ നിന്ന് തായ്‌ക്വോണ്ടോയിലെ ഔദ്യോഗിക ജൂനിയർ നാഷണൽസിലേക്ക് യോഗ്യത നേടുന്ന ഏക തായ്ക്വോണ്ടോ താരമാണ് ഡാനിഷ്.
2016-ൽ രാജസ്ഥാനിൽ തായ്‌ക്വാൻഡോ ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച മഹാവീർ നാഷണൽ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിലും പഞ്ചാബിലെ റോപാറിൽ നടന്ന ടോക്കി മെമ്മോറിയൽ നാഷണൽ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിലും വെള്ളി മെഡലുകൾ നേടി ടൂർണമെന്‍റിലെ ഏറ്റവും മികച്ച പുരുഷതാരമാകാൻ ഡാനിഷിന് സാധിച്ചു.
2013-ൽ, ഔദ്യോഗിക സ്റ്റേറ്റ് തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടുകയും പുതുച്ചേരിയിൽ നടന്ന ജൂനിയർ ദേശീയ മത്സരത്തിന് യോഗ്യത നേടുകയും ചെയ്തു. പിന്നീടിങ്ങോട്ട് ഡാനിഷ് അദ്ദേഹത്തിന്‍റെ വിജയക്കുതിപ്പ് തുടരുകയായിരുന്നു. ഇസ്രയേൽ ഓപ്പൺ ജി 2 ഒളിമ്പിക്‌സിൽ 58 കിലോ പുരുഷന്മാരുടെ ഇനത്തിൽ ഇന്ത്യൻ തായ്ക്വോണ്ടോ ടീമിനെ പ്രതിനിധീകരിച്ച് ഡാനിഷ് പങ്കെടുത്തു. 30ലധികം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുത്ത ഔദ്യോഗിക അന്താരാഷ്ട്ര ഒളിമ്പിക് ചാമ്പ്യൻഷിപ്പായിരുന്നു ഇസ്രയേൽ ഓപ്പൺ ജി 2 ഒളിമ്പിക്‌സ്.