ഭുവനേശ്വർ: ഭുവനേശ്വറിൽ നവജാത ശിശു കൊവിഡിൽ നിന്ന് പൂർണമായി സുഖം പ്രാപിച്ചു. മാരകമായ രോഗവുമായി മൂന്നാഴ്ച നീണ്ടുനിന്ന പോരാട്ടത്തിനു ശേഷം ബുധനാഴ്ച ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തതായി കുട്ടിയെ ചികിത്സിച്ച ഡോ. അർജിത് മോഹൻപത്ര പറഞ്ഞു. 25 ദിവസം പ്രായമുള്ള ഗുഡിയ എന്ന കുഞ്ഞിനെ കലഹണ്ടി ജില്ലയിൽ നിന്ന് പനി, കടുത്ത ശ്വാസകോശ സംബന്ധമായ അസുഖം തുടങ്ങിയവയാൽ എത്തിച്ചതായിരുന്നു. കുഞ്ഞിനെ ഇൻസുലേഷൻ ഐസിയുവിൽ പ്രവേശിപ്പിക്കുകയും ശ്വസിക്കാനായി വെന്‍റിലേറ്റർ സഹായം നൽകുകയും ചെയ്‌തു.
Also Read: ഡൽഹിയിൽ അഞ്ച് മാസം പ്രായമുള്ള കുട്ടി കൊവിഡ് ബാധിച്ച് മരിച്ചു
കുട്ടിയുടെ രക്ഷിതാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കുട്ടിയെയും പരിശോധിച്ചത്. തുടർന്ന് കുട്ടിക്കും കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ചികിത്സയ്ക്കിടെ ഡോക്‌ടർമാർ കുഞ്ഞിന് റെംഡെസിവിർ, സ്റ്റിറോയിഡുകൾ, മറ്റ് ആന്‍റിബയോട്ടിക്കുകൾ എന്നിവ നൽകി. മൂന്നാഴ്‌ചയ്ക്ക് ശേഷം (ആദ്യത്തെ 10 ദിവസം വെന്‍റിലേറ്ററിലായിരുന്നു) കുഞ്ഞ് മരുന്നുകളോട് പ്രതികരിക്കാൻ ആരംഭിച്ചു. ഡോക്ടർമാർ വീണ്ടും ആർടിപിസിആർ പരിശോധന നടത്തുകയും നെഗറ്റീവ് ആണെന്ന് അറിയുകയുമായിരുന്നു. നിലവിൽ കുട്ടിയെ പൂർണ്ണ ആരോഗ്യത്തോടെയാണ് ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തിരിക്കുന്നതെന്നും ഡോക്‌ടർ പറഞ്ഞു.
Also Read: ഡൽഹിക്ക് നേരിയ ആശ്വാസം; കൊവിഡ് കേസുകൾ പതിനായിരത്തിൽ താഴെ
കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഒഡിഷ. സംസ്ഥാനത്ത് ഇന്ന് 12,390 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 8,665 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിൽ 22 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 2,273 ആയി ഉയർന്നു. നിലവിൽ സംസ്ഥാനത്ത് 1,04,016 പേരാണ് കൊവിഡ് ചികിത്സയിൽ തുടരുന്നത്.