ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഓക്‌സിജൻ ക്ഷാമം. ഓക്‌സിജൻ ലഭിക്കാത്തതിനെ തുടർന്ന് 24 മണിക്കൂറിൽ മരിച്ചത് 25 രോഗികൾ. ഡല്‍ഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ടായിരുന്ന 25 പേരാണ് ഓക്‌സിജൻ ലഭിക്കാത്തതിനെ തുടർന്ന് മരിച്ചത്. ആശുപത്രിയിലെ അവസ്ഥ ഗുരുതരമാണെന്നും രണ്ട് മണിക്കൂർ സമയത്തേക്കുള്ള ഓക്‌സിജൻ മാത്രമാണ് ശേഷിച്ചിരുന്നത്. 60 രോഗികളുടെ സ്ഥിതി ഗുരുതരമാണെന്നും ആശുപത്രി അധികൃതർ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറിയിച്ചിട്ടുണ്ട്. റിപ്പോർട്ടുകളെ തുടർന്ന് ആശുപത്രിയിലേക്ക് അഞ്ച് മണിക്കൂറിലേക്കുള്ള ഓക്‌സിജനെത്തി.
വെന്‍റിലേറ്ററുകൾ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നും ഓക്‌സിജൻ എയർലിഫ്റ്റ് ചെയ്യേണ്ട സാഹചര്യമാണെന്നും ആശുപത്രി മെഡിക്കൽ ഡയറക്‌ടർ അധികൃതരെ അറിയിച്ചിട്ടുണ്ട്. ആശുപത്രിയിൽ 510 കൊവിഡ് രോഗികൾ ചികിത്സയിലുണ്ടെന്നും ഇതിൽ 142 പേർക്ക് ഓക്‌സിജൻ പിന്തുണ ആവശ്യമാണെന്നും റിപ്പോർട്ടുകളുണ്ട്.
രാജ്യത്തെ ആശുപത്രികളിൽ നിലവിൽ രോഗികൾക്ക് ആവശ്യത്തിനുള്ള ഓക്‌സിജൻ ലഭ്യമാകുന്നില്ലെന്ന നിരവധി റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ ഡൽഹിയിൽ 26,169 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കൊവിഡ് കേസുകളിൽ ഉയർന്ന നിരക്കാണിത്.