ന്യൂഡൽഹി: സിതാൽകുച്ചി വെടിവയ്പ്പിനെ പറ്റിയുള്ള വിവാദ പരാമർശത്തെ തുടർന്ന് പശ്ചിമ ബംഗാൾ ബിജെപി പ്രസിഡന്‍റ് ദിലീപ് ഘോഷിന് തെരഞ്ഞെടുപ്പ് കമ്മിഷൻ 24 മണിക്കൂർ പ്രചാരണ വിലക്ക് ഏർപ്പെടുത്തി. ഇന്ന് വൈകുന്നേരം 7 മണി മുതൽ നാളെ വരെയാണ് നിരോധനം. ഈ സമയത്ത് ഘോഷ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ പാടില്ല.
കൂച്ച്ബെഹാർ ജില്ലയിലെ സിതാൽകുച്ചിയിൽ നടന്ന വോട്ടെടുപ്പിനിടെ കേന്ദ്രസേനയുടെ വെടിവയ്പിൽ നാല് പേർ കൊല്ലപ്പെട്ടതിനെപ്പറ്റിയുള്ള ഘോഷിന്‍റെ പ്രസ്താവനയ്ക്ക് കമ്മിഷൻ നോട്ടീസ് നൽകിയിരുന്നു. സിതാൽകുച്ചിയിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ കണ്ടുവെന്നും ആരെങ്കിലും തന്‍റെ പരിധി ലംഘിച്ചാൽ നിരവധി സ്ഥലങ്ങളിൽ സിതാൽകുച്ചി ഉണ്ടാകും എന്നുമായിരുന്നു ഘോഷിന്‍റെ വിവാദ പരാമര്‍ശം. ഇദ്ദേഹത്തിനെതിരെ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.
നാലാം ഘട്ട വോട്ടെടുപ്പിനിടെ കൂച്ച് ബെഹാർ ജില്ലയിലെ സിതാൽകുച്ചിയിൽ ഉണ്ടായ അക്രമ സംഭവത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വെടിവയ്പിൽ നാല് പേർ മരിച്ചിരുന്നു. നേരത്തെ സീതാൽകുച്ചി അക്രമത്തെക്കുറിച്ച് പരാമർശം നടത്തിയ ബിജെപി സ്ഥാനാർഥി രാഹുൽ സിൻഹയെയും തെരഞ്ഞെടുപ്പ് കമ്മീഷൻ 48 മണിക്കൂർ വിലക്കിയിരുന്നു.