ന്യൂഡൽഹി: വെള്ളിയാഴ്‌ച്ച മാത്രം രാജ്യത്ത് 20 ലക്ഷം ഡോസ് വാക്‌സിനുകൾ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ റിപ്പോർട്ട്. പ്രതിദിന വാക്‌സിൻ നൽകുന്നതിലെ ഏറ്റവും ഉയർന്ന കണക്കാണിത്. വെള്ളിയാഴ്‌ച്ച മാത്രം കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചത് 16,39,663 പേരും രണ്ടാം ഘട്ട ഡോസ് സ്വീകരിച്ചിരിക്കുന്നത് 4,13,874 പേരുമാണ്.
രാജ്യത്ത് ആകെ കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 2.82 കോടി കടന്നു. 24 മണിക്കൂറിനുള്ളിൽ എട്ട് സംസ്ഥാനങ്ങളിലായാണ് 20.54 ലക്ഷം പേർ വാക്‌സിൻ സ്വീകരിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ വാക്‌സിൻ നൽകിയിരിക്കുന്ന സംസ്ഥാനം ഉത്തർപ്രദേശാണ്(3.3 ലക്ഷം). മഹാരാഷ്‌ട്ര,കേരളം,കർണാടക,ഗുജറാത്ത്,തമിഴ്‌നാട്,മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ 24 മണിക്കൂറിനുള്ളിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ പോസിറ്റിവിറ്റി നിരക്ക് 87.72 ശതമാനമാണ്. ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം മഹാരാഷ്‌ട്രയാണ്. ജനുവരി 16നാണ് ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ വിതരണം ആരംഭിച്ചത്.