ശ്രീനഗര്‍: കശ്‌മീരിലെ ടിവി, ടിക് ടോക് താരം അമ്രീൻ ബട്ടിനെ കൊലപ്പെടുത്തിയ സംഘത്തിലെ രണ്ട് ഭീകരരെ സൈന്യം വധിച്ചു. അവന്തിപൊരയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് ഭീകരരെ കൊലപ്പെടുത്തിയത്. ഇവര്‍ ലക്ഷ്‌കറെ ത്വയ്യിബയുടെ പ്രവര്‍ത്തകരാണെന്ന് സൈന്യം അറിയിച്ചു.
കൊല്ലപ്പെട്ട ബദ്‌ഗാം സ്വദേശി ഷാഹിത് മുഷ്‌താഖ് ഭട്ട്, പുല്‍വാമ സ്വദേശി ഫര്‍ഹാന്‍ ഹബീബ് എന്നിവര്‍ ലക്ഷ്‌കറെ ഭീകരസംഘടനയില്‍ പുതിയതായി ചേര്‍ന്നവരാണെന്ന് കശ്‌മീര്‍ ഐജി വിജയ് കുമാര്‍ പറഞ്ഞു. ഇവരുടെ പക്കല്‍ നിന്നും ഒരു എകെ 56 റൈഫിലും ഒരു തോക്കും കണ്ടെത്തിയിരുന്നു.
ബദ്ഗാം ജില്ലയിലെ ഹിഷ്രൂവിലുള്ള അമ്രീന്‍റെ വീട്ടിൽ ചിത്രീകരണത്തിന്‍റെ ആവശ്യത്തിനെന്ന് പറഞ്ഞ് ബുധനാഴ്‌ച രാത്രിയെത്തിയ രണ്ടംഗ സംഘം നടിയെ വെടിവച്ചുകൊല്ലുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അനന്തരവൻ ഫർഹാൻ സുബായിയുടെ കൈയില്‍ വെടിയേറ്റു. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപേ അമ്രീൻ മരിച്ചു. ശ്രീനഗറിൽ മകളെ ട്യൂഷനയക്കാനിറങ്ങിയ പൊലീസുദ്യോഗസ്ഥനെ വെടിവച്ചുകൊന്ന സംഭവത്തിന് പിന്നാലെയാണ് ടിവി താരത്തെ ഭീകരവാദികള്‍ വെടി വച്ച് കൊന്നത്.
അതേസമയം കഴിഞ്ഞ 10 മണിക്കൂറിനിടെ ഷോപ്പിയാനില്‍ നടന്ന മറ്റൊരു വെടി വയ്പ്പില്‍ രണ്ട് ഭീകരരെ കൂടി സൈന്യം വധിച്ചു. ലക്ഷ്‌കറെ തീവ്രവാദികളായ ഷക്കീര്‍ അഹമ്മദ് വാസ, അഫ്രീൻ അഫ്‌താബ് മാലിക് എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ വര്‍ഷം നടന്ന 52 ഏറ്റമുട്ടലുകളിലായി 87 ഭീകരരെയാണ് സൈന്യം വധിച്ചത്.
Read More: സൗത്ത് അവന്തിപൊരയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റമുട്ടല്‍