ന്യൂഡൽഹി: കർഷകരുടെ ട്രാക്ടർ മാർച്ചിനിടെ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 19 പേരെ അറസ്റ്റ് ചെയ്യുകയും 25ല്‍ അധികം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി പൊലീസ് കമ്മിഷണർ എസ്എൻ ശ്രീവാസ്തവ പറഞ്ഞു. പ്രതികളെ തിരിച്ചറിയാൻ പൊലീസ് മുഖം തിരിച്ചറിയൽ മാർഗം ഉപയോഗിക്കുമെന്നും സിസിടിവി, വീഡിയോ ഫൂട്ടേജ് എന്നിവയുടെ സഹായം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിലായവരെ ചോദ്യം ചെയ്ത് വരികയാണ്.
പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ കർഷകരെ അക്രമത്തിന് പ്രേരിപ്പിച്ചത് കർഷക നേതാക്കളാണ്. സാമ്യൂക്ത കിസാൻ മോർച്ച നേതാക്കളുമായി അഞ്ച് തവണ ചർച്ച നടത്തിയതാണ്. ഡൽഹിയിൽ നടക്കുന്ന റാലിക്ക് മൂന്ന് റൂട്ടുകൾ തീരുമാനിച്ച് പരസ്‌പരം സമ്മതിച്ചതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനവും ഡൽഹിയിലെ ജനങ്ങളുടെ സുരക്ഷയും കണക്കിലെടുത്താണ് രേഖാമൂലമുള്ള അനുമതിയോടെ കർഷകർക്ക് റാലിക്കായി റൂട്ടുകൾ നൽകിയത്.
കൂടുതൽ വായനക്ക്: ഡല്‍ഹിയില്‍ ട്രാക്ടർ റാലിയിൽ പങ്കെടുത്ത 93 പേരെ പൊലീസ് അറസ്റ്റ് ചെയ്തു
ട്രാക്ടർ റാലി ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച് വൈകുന്നേരം അഞ്ച് മണിക്ക് അവസാനിക്കണം എന്നതായിരുന്നു ആദ്യത്തെ വ്യവസ്ഥ. കൂടാതെ ട്രാക്ടർ മാർച്ച് കർഷക സംഘടകളുടെ മുതിർന്ന നേതാക്കൾ നയിക്കണം എന്നും വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ കർഷകർ നിബന്ധനകൾ ലംഘിച്ച് പ്രശ്ങ്ങൾ സൃഷ്ടിക്കുകയാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കർഷക നേതാക്കളായ സത്‌നാം സിംഗ് പന്നു, ദർശൻ പാൽ സിംഗ്, ബൂട്ടാ സിംഗ്, രാകേഷ് ടിക്കൈറ്റ് എന്നിവരാണ് പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി കർഷകരെ ഇളക്കിവിട്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആളപായം സൃഷ്ടിക്കാതെ സംയമനം പാലിച്ച പൊലീസ് സേനയെ കമ്മിഷണർ എസ്എൻ ശ്രീവാസ്തവ പ്രശംസിച്ചു. അക്രമത്തിൽ 394 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. അവരിൽ പലരും ഇപ്പോഴും ചികിത്സയിലാണ്. ചിലർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ വായനക്ക്: ട്രാക്‌ടർ റാലിക്കിടെയുണ്ടായ ആക്രമണങ്ങള്‍; ഏഴ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്‌തതായി ഡൽഹി പൊലീസ്