തെലങ്കാന: കഴിഞ്ഞ നാലാഴ്‌ചയ്ക്കിടെ തെലങ്കാനയിൽ സൂര്യാഘാതമേറ്റ് 17 പേർ മരിച്ചു. തെലങ്കാനയിലെ താപനില ഓരോ ദിവസം കഴിയുംതോറും കൂടി വരികയാണെന്നാണ് റിപ്പോർട്ടുകൾ. സൂര്യാഘാതം മൂലം ചൊവ്വാഴ്‌ച (03.05.2022) സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ആറുപേരാണ് മരിച്ചത്.
ആശുപത്രികളിൽ സൂര്യാഘാതമേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരികയാണ്. എല്ലാ ആശുപത്രികളിലും 5-10 പേർ വരെ ചികിത്സയിലുണ്ടെന്ന് മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ നൂറുകണക്കിനുണ്ടെന്നാണ് കണക്ക്.
ചൂടുള്ള കാലാവസ്ഥയും വേനൽമഴക്കെടുതിയും കൃഷിയെയും സാരമായി ബാധിക്കുന്നുണ്ട്. ഉയർന്ന ചൂട് കാരണം കോഴി, പശു, പോത്ത് എന്നിവയ്ക്ക് അസുഖം വന്നതോടെ കോഴി, ക്ഷീര വ്യവസായ ഉടമകൾ ആശങ്കയിലാണ്. നാല് ദിവസം കൂടി ചൂട് ഉയർന്ന നിലയിൽ തുടരുമെന്നതിനാൽ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ പരമാവധി പുറത്തിറങ്ങാതിരിക്കണമെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.