ദന്തേവാഡ: സര്‍ക്കാര്‍ തലയ്ക്ക് വിലയിട്ട രണ്ട് പേരടക്കം 16 നക്സലൈറ്റുകൾ പൊലീസിനും സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കും മുന്നില്‍ കീഴടങ്ങി. ദന്തേവാഡ ജില്ലയിലെ ബച്ചേലി, കിരാണ്ടുൽ പ്രദേശങ്ങളിൽ സജീവമായിരുന്ന താഴേത്തട്ടിലുള്ള പ്രവർത്തകരാണ് കിരാണ്ടുലില്‍ കീഴടങ്ങിയത്. നക്സലൈറ്റുകള്‍ക്ക് കീഴടങ്ങാൻ അവസരം നല്‍കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ജൂണില്‍ ആരംഭിച്ച 'ലോൺ വർറത്തു' (നിങ്ങളുടെ വീട്ടിലേക്ക് / ഗ്രാമത്തിലേക്ക് മടങ്ങുക) ക്യാംപയിനിന്‍റെ ഭാഗമായി 288 നക്‌സലുകൾ ഇതുവരെ ജില്ലയിൽ കീഴടങ്ങിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കീഴടങ്ങിയ 16 നക്‌സലുകളിൽ മാവോയിസ്റ്റ് മിലിഷ്യ കമാൻഡറായ മദ്‌കാം ഹുറ (28), ദണ്ഡകാരണ്യ ആദിവാസി കിസാൻ മജ്‌ദൂർ സംഘത്താൻ (മാവോയിസ്റ്റിന്റെ മുൻവിഭാഗം) ലോക്കൽ യൂണിറ്റ് മേധാവി ഹംഗ ബർസ (35) എന്നിവരെ ജീവനോടെയോ അല്ലാതെയോ പിടികൂടുന്നവര്‍ക്ക് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കീഴടങ്ങിയ ബാക്കി 14 പേര്‍ മഡ്കാമിരാസ് ഗ്രാമത്തിൽ നിന്നുള്ളവരാണ്. കീഴടങ്ങിയ ഓരോ നക്സലൈറ്റുകൾക്കും സര്‍ക്കാര്‍ 10,000 രൂപ അടിയന്തര സഹായം നൽകി. സർക്കാരിന്‍റെ കീഴടങ്ങൽ, പുനരധിവാസ നയം അനുസരിച്ച് ഇവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങൾ നൽകും. കീഴടങ്ങിയവര്‍ക്ക് തൊഴില്‍ പരിശീലനവും നല്‍കും. 'ലോൺ വർറാട്ടു' (പ്രാദേശിക ഗോണ്ടി ഭാഷയിൽ ഉപയോഗിച്ചിരിക്കുന്ന പദം) ക്യാംപയിന്‍റെ ഭാഗമായി നക്സലൈറ്റുകള്‍ കീഴടങ്ങണമെന്ന് അഭ്യര്‍ഥിച്ച് പ്രാദേശിക ഗ്രാമങ്ങളിൽ പൊലീസ് പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്.