ഷിംല: ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ സ്വകാര്യ ബസ് തോട്ടിലേക്ക് മറിഞ്ഞ് 16 പേർ മരിച്ചു. സംഭവത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഷെൻഷാറിൽ നിന്ന് സൈഞ്ചിലേക്ക് പോകുകയായിരുന്ന ബസ് ജംഗ്‌ല ഗ്രാമത്തിന് സമീപം രാവിലെ 8.30ഓടെയാണ് അപകടത്തില്‍ പെട്ടത്.
ബസിൽ 30 യാത്രക്കാര്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് കുളു ഡെപ്യൂട്ടി കമ്മീഷണർ അശുതോഷ് ഗാർഗ് പറഞ്ഞു.
പൊലീസ് സംഘത്തെ അപകട സ്ഥലത്തേക്ക് അയച്ചതായി കുളു എസ്‌പി ഗുരുദേവ് ശർമ അറിയിച്ചു. അപകടത്തില്‍ മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു എന്നാണ് പ്രാഥമിക വിവരം.
സംഭവത്തില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.