ന്യൂഡൽഹി: സുപ്രീം കോടതിയിലെ 15 ജഡ്‌ജിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ കോടതിയിലെ ഭൂരിഭാഗം ഉദ്യോഗസ്ഥർക്കും രോഗം ബാധിച്ചു.ജസ്റ്റിസ് എം ആർ ഷാ, ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് സൂര്യ കാന്ത് എന്നിവരുടെ സഹായികൾക്കും കൊവിഡ് പോസിറ്റീവാണ്. അടിയന്തര കേസുകൾ മാത്രമാണ് കോടതി നിലവിൽ പരിഗണിക്കുന്നത്.
11 ജഡ്‌ജിമാർ അടങ്ങുന്ന 4 ബെഞ്ചുകൾ മാത്രമാണ് ഇന്നുള്ളത്. ജഡ്‌ജിമാർ അവരുടെ വസതികളിൽ നിന്നാണ് വാദങ്ങൾ കേൾക്കുന്നത്. രോഗലക്ഷണങ്ങൾ കാണിക്കുന്ന ആളുകൾക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി കോടതി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ ജഡ്‌ജിമാർക്കും ഒരു മാസം മുമ്പാണ് വാക്സിനേഷൻ നൽകിയത്. അഭിഭാഷകർക്കും സ്റ്റാഫുകൾക്കും വാക്‌സിനായി പേരുകൾ രജിസ്റ്റർ ചെയ്തു. പുതിയ ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ഏപ്രിൽ 24 നാണ് ചുമതലയേൽക്കുന്നത് അതുവരെ ജഡ്‌ജിമാരെ പരിശോധനകൾക്ക് വിധേയമാക്കും.