ജോധ്പൂർ/ രാജസ്ഥാൻ: ഭാര്യക്ക് ഗർഭം ധരിക്കാൻ ഭർത്താവിന് 15 ദിവസം പരോൾ അനുവദിച്ച് രാജസ്ഥാൻ ഹൈക്കോടതി. അജ്‌മീർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നന്ദലാൽ എന്ന പ്രതിക്കാണ് ഭാര്യയുടെ അപേക്ഷ പരിഗണിച്ച് ജസ്റ്റിസ് സന്ദീപ് മേത്തയും ജസ്റ്റിസ് ഫർസന്ദ് അലിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരോൾ അനുവദിച്ചത്.
ഭർത്താവ് ജീവപര്യന്തം തടവിലാണെന്നും തങ്ങളുടെ കുടുംബത്തിന് പിൻഗാമികൾ വേണം എന്നും ആവശ്യപ്പെട്ടാണ് നന്ദലാലിന്‍റെ ഭാര്യ കോടതിയെ സമീപിച്ചത്. എന്നാൽ അപേക്ഷ ജില്ലാ പരോൾ കമ്മിറ്റി തള്ളിയതിനെത്തുടർന്ന് യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തുടർന്ന് കേസ് പരിഗണിച്ച കോടതി യുവതി നിരപരാധിയാണെന്നും ഒരു കുഞ്ഞിന് ജന്മം നൽകുന്നത് സ്‌ത്രീത്വത്തിന്‍റെ പൂർണതയാണെന്നും നിരീക്ഷിച്ചു. കുട്ടികൾ ഉണ്ടാകുന്നത് മതപരമായും സാമൂഹികമായും പ്രധാനമാണെന്നും കോടതി വ്യക്‌തമാക്കി. മതഗ്രന്ധങ്ങളും ഉദ്ധരിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്.
ഗർഭധാരണത്തിന് പരോൾ അനുവദിക്കാൻ പൊതുവെ വ്യവസ്ഥയില്ലെന്ന് പറഞ്ഞ കോടതി ഹൈന്ദവ ഗ്രന്ധങ്ങളിൽ ഗർഭധാരണത്തെ പ്രഥമവും പ്രധാനവുമായി കണക്കാക്കുന്നത് അവഗണിക്കാനാവില്ലെന്നും പറഞ്ഞു. കൂടാതെ ഭർത്താവിന്‍റെ തെറ്റ് കാരണം സ്‌ത്രീ കഷ്‌ടപ്പെടേണ്ടതില്ലെന്നും അതിനാൽ കുട്ടികളുണ്ടാകാനുള്ള അവളുടെ അവകാശം നഷ്‌ടപ്പെടരുതെന്നും കോടതി നിരീക്ഷിച്ചു.