ന്യൂഡൽഹി : കിഴക്കൻ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖ അടക്കമുള്ള പ്രദേശങ്ങളിൽ നിന്നുള്ള പിന്മാറ്റം ചർച്ച ചെയ്യുന്നതിനായുള്ള 13-ാം ഘട്ട ഇന്ത്യ-ചൈന സൈനികതല ചർച്ചകൾക്ക് അടുത്ത ആഴ്‌ച തുടക്കമായേക്കും.
ബാക്കിയുള്ള പ്രദേശങ്ങളിലെ സൈനിക പിന്മാറ്റം സംബന്ധിച്ച ചർച്ചകൾക്ക് മുന്നോടിയായി ഇരുരാജ്യങ്ങളും വിവരങ്ങൾ കൈമാറിയെന്ന് അധികൃതർ വ്യക്തമാക്കി.
ഹോട്ട് സ്പ്രിംഗ്സിലെയും മറ്റ് ചില മേഖലകളിലെയും പിന്മാറ്റമാകും അടുത്ത ഘട്ട കോർപ്‌സ് കമാൻഡർ തല ചർച്ചകളിൽ വിഷയമാകുകയെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
ALSO READ: IPL 2021 : തകർപ്പൻ സെഞ്ച്വറിയുമായി ഋതുരാജ് ഗെയ്‌ക്‌വാദ്,രാജസ്ഥാന് 190 റണ്‍സ് വിജയ ലക്ഷ്യം
ഒക്‌ടോബർ രണ്ടാം വാരത്തോടെ ചർച്ചകൾ ആരംഭിക്കുമെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരമെന്നും ചർച്ചകളുടെ സ്ഥലവും തിയ്യതികളും മൂന്ന് നാല് ദിവസത്തിനുള്ളിൽ തീരുമാനമാകുമെന്നും അധികൃതര്‍ സൂചിപ്പിക്കുന്നു.
അതേസമയം വെള്ളിയാഴ്‌ച കരസേന മേധാവി എം.എം നരവാനെ കിഴക്കൻ ലഡാക്ക് സന്ദർശനം ആരംഭിച്ചിരുന്നു. ഇവിടുത്തെ ഏതൊരു സാഹചര്യത്തെയും നേരിടാൻ കരസേന സജ്ജമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
മുന്നോട്ടുള്ള കൂടുതൽ പ്രദേശങ്ങളിലേക്ക് പോകാനാണ് താൻ താൽപര്യപ്പെടുകയെന്നും എന്നാൽ മാത്രമേ സ്വയം സാഹചര്യം വിലയിരുത്താൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കിഴക്കൻ ലഡാക്കിലെ സാഹചര്യം വിലയിരുത്തിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.